കുന്നംകുളം: ഓട്ടോ ഡ്രൈവർമാർ ആശുപത്രിയിലെത്തിക്കാത്തതിനെ തുടർന്ന് കുന്നംകുളം കോമള ബേക്കറിയിലെ കാഷ്യർ മരിച്ച സംഭവത്തിൽ സംഭവസ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരുടെ പെർമിറ്റ് റദ്ദാക്കുമെന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വി.സി സൂരജ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പഴയ ബസ് സ്റ്റാൻഡിന് മുൻപിൽ ശനിയാഴ്ച രാത്രി സർവീസ് നടത്തിയ ഓട്ടോ ഡ്രൈവർമാർ നെഞ്ചുവേദനയെ തുടർന്ന് പിടഞ്ഞ ബേക്കറി ജീവനക്കാരനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. ഏറെനേരം നെഞ്ചുവേദനയെ തുടർന്ന് പിടഞ്ഞ കുന്നംകുളം കോമള ബേക്കറിയിലെ കാഷ്യർ കൊയിലാണ്ടി സ്വദേശി ആറ്റുപുറത്ത് വീട്ടിൽ രമേശ് (58) ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.

രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് റൂമിലെത്തിയ രമേശ് നെഞ്ചുവേദനയെ തുടർന്ന് പിടയുന്നത് ശ്രദ്ധയിൽപെട്ട ബേക്കറിയിലെ ജീവനക്കാരനും സഹതാമസക്കാരനുമായ മണി ആശുപത്രിയിലെത്തിക്കാനായി ഓട്ടോ വിളിക്കാൻ പോയി. എന്നാൽ നെഞ്ചുവേദന ആണെന്ന് അറിയിച്ചതോടെ പിറകിലെ ഓട്ടോക്കാരോട് പറയൂ എന്ന് പറഞ്ഞ് കളിപ്പിക്കുകയായിരുന്നെന്നും മണി പറഞ്ഞു.

ഒരു മണിക്കൂറോളം മണി ഇത്തരത്തിൽ സഹായമഭ്യർത്ഥിച്ചു. ആരും തയ്യാറാകാതെ വന്നതോടെ താലൂക്ക് ആശുപത്രിയിലെത്തി വിവരം പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ നിന്നും ആംബുലൻസെത്തിയാണ് രമേശിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തുന്നതിന്റെ നിമിഷങ്ങൾക്ക് മുമ്പ് രമേശ് മരിച്ചു. മരണത്തെ മുഖാമുഖം കണ്ടുകിടന്ന വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ തയ്യാറാകാത്ത കുന്നംകുളം പഴയ ബസ് സ്റ്റാൻഡിലെ രാത്രികാലങ്ങളിൽ ഓട്ടോക്കാർക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.