accident

ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടിയിൽ സ്വകാര്യ ബസിൽ, ക്രെയിനിടിച്ച് ഏഴ് വിദ്യാർത്ഥിനികൾക്ക് പരിക്ക്. മാളയിലെ വിവിധ കോളേജ് വിദ്യാർത്ഥിനികൾക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. പോട്ട ചെങ്ങിനിയാടൻ ബിൻസി (22), കുറ്റിക്കാട് കാച്ചപ്പിള്ളി അനോഷ മരിയ (17), കുറ്റിച്ചിറ കൈപ്പപ്ലാക്കൽ അമൃത (22), കനകമല വെള്ളാനി (ജെയ്‌ന22), ആളൂർ അരിക്കാട്ട് സെൻ സവിയ (22), നായരങ്ങാടി കൈതവളപ്പിൽ അനുശ്രീ (18), കനകമല മറ്റത്തി ദിവ്യ (20) എന്നിവർക്കാണ് പരിക്ക്.
ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടാറ്റ് ജംഗ്ഷനിൽ വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്കായിരുന്നു അപകടം. ചാലക്കുടിയിൽ നിന്നും മാളയിലേക്ക് പോയതായിരുന്നു പയ്യപ്പിള്ളി ഗ്രൂപ്പിന്റെ ബസ്. ഇടവഴിയിലൂടെ കടന്നുവന്ന ക്രെയിനിന്റെ റാഡർ ബസിനുള്ളിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. തൊട്ടടുത്ത് നിറുത്തുന്നതിനായി ബസ് കുറഞ്ഞ വേഗത്തിലായിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. അപടത്തിൽപെട്ട വിദ്യാർത്ഥിനികളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനകം പൊലീസും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.