പുതുക്കാട്: നൂറു കണക്കിന് യാത്രക്കാർ പ്രതിദിനം വന്നുപോകുന്നതും 17 ടെയിനുകൾക്ക് സ്റ്റോപ്പുമുള്ള പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപെടുത്തുന്നതിൽ അധികൃതർക്ക് മടി.
പാളം മുറിച്ചു കടക്കാൻ ഫൂട്ട്ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന ആവശ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കം. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിന് മേൽക്കൂര നിർമിക്കണമെന്ന ആവശ്യവും അധികൃതർ ചെവി കൊടുക്കുന്നില്ല.
കൊമേഴ്‌സ്യൽ ക്ലാർക്ക് ഇല്ലാത്തത് യാത്രക്കാർ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. സ്റ്റേഷനിൽ ടിക്കറ്റ് കൊടുക്കുന്നത് സ്വകാര്യ വ്യക്തിയാണ്. രാത്രി 12നും പുലർച്ചെ നാലിനും മദ്ധ്യേ വരുന്ന ഗുരുവായൂർ എക്‌സ്പ്രസിന് പുതുക്കാട് സ്റ്റോപ്പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. പകരം തിരുവനന്തപുരം ഇന്റർസിറ്റിക്ക് സ്റ്റോപ്പ് വേണമെന്ന ആവശ്യവും അവഗണിക്കുകയാണ് അധികൃതർ.
സ്റ്റേഷൻ കോമ്പൗണ്ടിന്റെ വടക്കുവശത്തെ മൺറോഡ് ടാർ ചെയ്യാനുള്ള പഞ്ചായത്തിന്റെ ശ്രമം റെയിൽവേ തടയുകയാണ്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥലം പ്രയോജനപ്പെടുത്താതെ കാടുകയറി കിടക്കുന്നതും പുതുക്കാടാണ്. ഇതിനൊരു പരിഹാരം ഉറ്റുനോക്കുകയാണ് പുതുക്കാടും ചുറ്റുവട്ടത്തുമുള്ള നൂറു കണക്കിന് യാത്രക്കാർ.
പാരമ്പര്യവും ചരിത്രവും പേറുന്ന പുതുക്കാട് സ്റ്റേഷനോടുള്ള റെയിൽവേയുടെ അവഗണന ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുതുക്കാട് സ്റ്റേഷൻ
അളഗപ്പ ടെക്‌സ്റ്റയിൽസ് ആമ്പല്ലൂരിൽ സ്ഥാപിതമായതോടെ സ്റ്റേഷന്റെ പേരിൽ പുതുക്കാടിനൊപ്പം അളഗപ്പനഗർ എന്ന് കൂടി തെളിഞ്ഞു. ഓടുവ്യവസായത്തിന്റെ സുവർണകാലഘട്ടത്തിൽ നൂറുകണക്കിന് വാഗണുകളാണ് മേച്ചിലോടുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടം വിട്ടത്.
കൊച്ചിൽ ഹാർബർ മുതൽ ഷെർണൂർ വരെയുള്ള റെയിൽവേ ലൈനിൽ ഉദ്ഘാടനം ചെയ്ത 1904ൽ തന്നെ പുതുക്കാട് സ്റ്റേഷനും നിർമിച്ചു. പുതുക്കാട് ശങ്കരാചലമഠത്തിന്റെ നിർമാണത്തിന് തന്നെ വഴിവച്ച ശ്രീ നാരായണ ഗുരുദേവന്റെ പുതുക്കാട് സന്ദർശനവും ഇക്കാലത്തു തന്നെയായിരുന്നു. ശങ്കരാചല മഠത്തിന്റെ നിർമ്മാണത്തിനു ശേഷം ഒട്ടേറെ തവണ ഗുരു ഷൊർണൂർക്കുള്ള ട്രെയിനിൽ വന്ന് പുതുക്കാട് ഇറങ്ങിയിട്ടുണ്ട്.