കൊടുങ്ങല്ലൂർ: മാടവന ബദ്‌രിയ മഹല്ല് ജമുഅ മസ്ജിദിൽ ആരാധനാക്രമത്തെ ചൊല്ലി ഇരുവിഭാഗം വിശ്വാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപ്പെട്ടതോടെ കൂടുതൽ സംഘർഷം ഒഴിവായി. പരിക്കറ്റവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് ഷാജഹാൻ (40), റഫീക്ക് (33), ഫൈസൽ (50), കബീർ ( 40), സജാദ് (35), ഷാജഹാൻ (33) എന്നിവരാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ ആറ് വർഷമായി പള്ളിയിൽ തുടർന്നുപോരുന്ന സുന്നി നിയമ പ്രകാരമുള്ള ആചാരക്രമങ്ങൾ മാറ്റാൻ പുതിയ ഭരണസമിതി ശ്രമിച്ചതാണ് പ്രശ്‌നനങ്ങൾക്ക് കാരണമായത്. ഇന്നലെ ജുമുഅ നിസ്‌കാരത്തിൽ മുമ്പായുള്ള അറബി ഖുത്വുബ തുടർന്നുപോകണം എന്നതായിരുന്നു പഴയ ഭരണസമിതിയെ പിന്തുണയ്ക്കുന്ന വിഭാഗത്തിന്റെ ആവശ്യം. തങ്ങൾക്ക് അനുകൂലമായ ഉത്തരവ് വഖഫ് ബോർഡിൽ നിന്നും ഇവർ നേടിയെടുക്കുകയും ചെയ്തിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി പള്ളിയിലെ ഖത്വീബിനെയും ജീവനക്കാരെയും മാറ്റുകയും അറബിയിലുള്ള ഖുത്വുബ മലയാളത്തിലാക്കാനും ശ്രമം നടത്തിയെന്നും ആരോപിച്ചായിരുന്ന വഫഖ് ബോർഡിൽ നിന്നും ആനുകൂല വിധി സമ്പാദിച്ചത്. വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം എത്തിയതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു. സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ ബ്രിജു കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കർശന നിലപാടെടുത്തതിനെ തുടർന്നാണ് കൂടുതൽ പ്രശ്‌നങ്ങൾ ഒഴിവായത്.