മാള: സെ. സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയിലെ കുടുംബ സമ്മേളന കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബങ്ങൾക്കുള്ള രണ്ട് കാരുണ്യ ഭവനങ്ങൾ യാഥാർത്ഥ്യമായി. വി. അന്തോണീസിന്റെ തിരുനാളിന്റെ നീക്കിയിരിപ്പ് സംഖ്യയും ഇടവക ജനങ്ങളുടെ സംഭാവനകളും ഉപയോഗിച്ച് പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. കളപ്പുരയ്ക്കൽ വർക്കി ജേക്കബിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സംഭാവന നൽകിയ രണ്ടേമുക്കാൽ സെന്റ് ഭൂമിയിൽ 520 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഇരുനില വീടാണ് മാള പള്ളിപ്പുറത്ത് നിർമ്മിച്ചിരിക്കുന്നത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത രണ്ട് കുടുംബങ്ങൾക്കാണ് ഈ വീടുകൾ നൽകുക. വീടുകളുടെ ആശിർവാദ കർമം ഇന്ന് രാവിലെ ഏഴിന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ നിർവഹിക്കും. വികാരി ഫാ. വർഗീസ് ചാലിശ്ശേരി, കേന്ദ്രസമിതി ഭാരവാഹികളായ ജെയ്‌സൻ എടാട്ടുകാരൻ, അഡ്വ. ജി. കിഷോർകുമാർ, ഡൊമിനിക് പാറേക്കാട് എന്നിവർ നേതൃത്വം നൽകും.