കൊടുങ്ങല്ലൂർ: അജണ്ടയെ ചൊല്ലി ഭരണപ്രതിപക്ഷ തർക്കത്തെ തുടർന്ന് ശനിയാഴ്ച നടന്ന നഗരസഭ യോഗത്തിൽ നിന്നും പ്രതിപക്ഷ കൗൺസിലർമാർ ഇറങ്ങിപ്പോയി. കോട്ടപ്പുറം - ചന്തപ്പുര ബൈപാസിൽ രൂപപ്പെട്ട കുഴികൾ അടക്കണമെന്ന് ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെടുന്ന പ്രമേയം അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ പ്രമേയത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനും നിർദ്ദിഷ്ട എലിവേറ്റഡ് ഹൈവേ നീട്ടി പണിയണമെന്നും ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷ ആവശ്യം ഭരണപക്ഷം നിരാകരിച്ചതോടെ കൗൺസിൽ ഹാളിൽ തർക്കവും മുദ്രാവാക്യം വിളിയും, പിന്നീട് ബി.ജെ.പി കൗൺസിലർമാർ ഇറങ്ങിപ്പോകുകയുമായിരുന്നു.

ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ ചെയർപേഴ്‌സൺ തയ്യാറായില്ലെങ്കിൽ കൗൺസിൽ യോഗങ്ങളിൽ ഉൾപ്പെടെ സഹകരിക്കില്ലെന്ന് ടി.എസ്. സജീവൻ പറഞ്ഞു. ഒ.എൻ. ജയദേവൻ, അഡ്വ. ഡി.ടി. വെങ്കിടേശ്വരൻ, രശ്മി ബാബു എന്നിവർ നേതൃത്വം നൽകി. കൗൺസിൽ ആരംഭിച്ചയുടൻ കോൺഗ്രസ് കൗൺസിലർ വി.എം. ജോണി ബൈപാസിലെ വൈദ്യുതി പോസ്റ്റുകളിൽ ലൈറ്റ് ഇടുന്നത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചു. മറുപടി പറഞ്ഞ ചെയർപേഴ്‌സൺ എം.യു. ഷിനിജ നിരുത്തരവാദിത്തത്തോടെയാണ് മറുപടി നൽകിയെതെന്ന് ആരോപിച്ച് അജണ്ട കീറിയെറിഞ്ഞ് കൗൺസിലിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇതിന്റെ പിന്നാലെയാണ് ബി.ജെ.പി കൗൺസിലമാരും ഇറങ്ങിപ്പോയത്.

ഉറപ്പ് ലംഘിച്ചതായി കോൺഗ്രസ് അംഗം

കൊടുങ്ങല്ലൂർ: ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ തന്റെ നിലപാട് മാറ്റം വരുത്തിയത് നഗരസഭ ചെയർപേഴ്‌സൺ തന്ന ഉറപ്പിലാണെന്ന് ഏക കോൺഗ്രസ് അംഗമായ വി.എം. ജോണി കൗസിലിൽ പറഞ്ഞു. കോട്ടപ്പുറം മുതൽ ചന്തപ്പുര വരെയുള്ള സർവീസ് റോഡിലെ വൈദ്യുതി പോസ്റ്റുകളിൽ ലൈറ്റ് ഇടാമെന്നും ബാക്കി ഭാഗം ഉദ്യോഗസ്ഥരെ കൊണ്ട് എസ്റ്റിമേറ്റ് എടുപ്പിച്ചതിനു ശേഷം ലൈറ്റ് ഇടാമെന്നുമായിരുന്നു ചെയർപേഴ്‌സൺ അന്ന് നൽകിയ ഉറപ്പ്. എന്നാൽ ലൈറ്റ് സ്ഥാപിക്കാൻ വൈകുന്നത് സംബന്ധിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുകയാണ്. ബൈപാസിൽ വഴിവിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിറുത്തിവച്ച സമരം വീണ്ടും ആരംഭിക്കുമെന്നും വി.എം. ജോണി പറഞ്ഞു.

വൈസ് ചെയർമാനെ പുറത്താക്കണമെന്ന് ബി.ജെ.പി

കൊടുങ്ങല്ലൂർ: നഗരസഭയിൽ നാളിതുവരെയില്ലാത്ത വികസനമുരടിപ്പാണ് ഇപ്പോഴത്തെ ഭരണസമിതി വന്നതിനുശേഷം ഉണ്ടായിട്ടുള്ളതെന്ന് ബി.ജെ.പി യോഗം ആരോപിച്ചു. ചെയർപേഴ്‌സൺ എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചാൽ അതെല്ലാം തടസപ്പെടുത്തുന്ന അന്നം മുടക്കിയാണ് വൈസ് ചെയർമാൻ. ബൈപാസിൽ ലൈറ്റുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കാമെന്ന് കൗൺസിലിൽ വാക്കുകൊടുത്ത ചെയർപേഴ്‌സന്റെ നടപടി വേണ്ടയെന്ന് പറഞ്ഞ വൈസ്ചെയർമാൻ ഇപ്പോൾ ബൈപാസിൽ ലൈറ്റ് ഇടാൻ നഗരസഭ തീരുമാനിച്ചിട്ടില്ലെന്നാണ് പറയുന്നത്. ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസത്തിൽ സി.പി.എമ്മിനൊപ്പം നിന്ന കോൺഗ്രസ് കൗൺസിലർ വി.എം. ജോണി ജനങ്ങളോട് മാപ്പ് പറയണമെന്നും ബി.ജെ.പി ആവശ്യപെട്ടു. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, വൈസ് പ്രസിഡന്റ് കെ.ആർ. വിദ്യാസാഗർ, ടി.എസ്. സജീവൻ, ഒ.എൻ. ജയദേവൻ, കെ.എസ്. ശിവറാം തുടങ്ങിയവർ പങ്കെടുത്തു.

കൗൺസിലിൽ കലാപം ഉണ്ടാക്കാൻ ശ്രമം

കൊടുങ്ങല്ലൂർ: ബി.ജെ.പി കൗൺസിലർമാരും കോൺഗ്രസ് കൗൺസിലറും കൗൺസിൽ യോഗത്തിൽ വരുന്നത് നിരന്തരമായി കലാപമുണ്ടാക്കാനും അതുവഴി സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ചേരുന്ന യോഗനടപടികൾ തടസപ്പെടുത്താനുമാണെന്ന് നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവർ ആരോപിച്ചു. കോൺഗ്രസ് കൗൺസിലർ യോഗത്തിൽ അക്രമത്തിന് മുതിരുകയും എൽ.ഡി.എഫ് കൗൺസിലർമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തത് പ്രതിഷേധാർഹമാണ്. കോൺഗ്രസ് ബി.ജെ.പിയോടൊപ്പം നിന്ന് നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ബോധപൂർവം ശ്രമിക്കുകയാണ്. ബൈപാസിലെ കുഴികൾ അടക്കാൻ ദേശീയപാത അധികൃതരും കേന്ദ്രസർക്കാരും അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അവതരിപ്പിച്ച പ്രമേയത്തെച്ചൊല്ലി ബി.ജെ.പി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ നടപടിക്കെതിരെ ബി.ജെ.പി അംഗങ്ങൾ ജനങ്ങളോട് മാപ്പ് പറയണമെന്ന് ചെയർപേഴ്‌സണും വൈസ്ചെയർമാനും ആവശ്യപ്പെട്ടു.