1

വടക്കാഞ്ചേരി: ഒരേസമയം പെട്രോളിലും ഇലക്ട്രിക്കിലും ഓടുന്ന ഹൈബ്രിഡ് ഓട്ടോ നിർമ്മിച്ചിരിക്കുകയാണ് തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികൾ. പെട്രോളിൽ നിശ്ചിത ദൂരം ഓടിയാൽ സ്വിച്ച് ഉപയോഗിച്ച് ഇലക്ട്രിക്കിലേക്ക് മാറ്റാം.

പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറിനും പ്രത്യേകം ഗിയറുകൾ നിർമ്മിച്ചാണ് ഓട്ടോ പ്രവർത്തിക്കുക. പെട്രോളിലും ഇലക്ട്രിക്കിലും സമ്മിശ്രമായി ഓടുക വഴി ഇന്ധനം ലാഭിക്കാമെന്ന് വിദ്യാർത്ഥികൾ പറയുന്നു. കയറ്റം അടക്കമുള്ള റോഡുകളിൽ പെട്രോളിലും നിരപ്പായ റോഡുകളിൽ ഇലക്ട്രിക്കിലും ഓടുക വഴി ഇന്ധനം ലാഭിക്കാനാകുമെന്നാണ് വിദ്യാർത്ഥികളുടെ വാദം.

അവസാന വർഷ മെക്കാനിക്കൽ വിദ്യാർത്ഥികളായ അഖിൽ ഒ.വി, അലൻ ഡേവിഡ്, ഗ്രീഷ്മ പി.എസ്, കെ. കിരൺ രാജ് എന്നിവരാണ് ഹൈബ്രിഡ് ഓട്ടോ നിർമ്മിച്ചത്. മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. എൻ. രാമചന്ദ്രന്റ നേതൃത്വത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ശരത്ത് ബാബു ആണ് പ്രൊജക്ട് ഗൈഡ് ചെയ്തത്.