ചേർപ്പ്: തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ പെരുമ്പിള്ളിശ്ശേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള റോഡ് പൊളിക്കൽ ആരംഭിച്ചു. പാലയ്ക്കൽ മുതൽ പെരുമ്പിള്ളിശ്ശേരി വരെയുള്ള റോഡിന്റെ ഒരു ഭാഗം മൂന്ന് മാസം മുമ്പ് പൊളിച്ചിട്ട് പണി പൂർത്തിയാക്കാതെയാണ് വീണ്ടും പുതിയ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള റോഡിലെ മെക്കാഡം ടാറിംഗ് പൊളിച്ചുമാറ്റിയാണ് കോൺക്രീറ്റ് ചെയ്യുന്നത്. ഒരു വശത്തേക്ക് മാത്രമാണ് ഇവിടെ വാഹനങ്ങൾക്ക് കടന്നു പോകുന്നത്. ഇതുമൂലം ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും കച്ചവടമില്ലാതെ അടച്ചിട്ടിരിക്കുകയാണ്. കൂടാതെ റോഡ് പൊളിച്ചതോടെ സമീപത്തുള്ള കുടിവെള്ള പൈപ്പുകൾ ഇടയ്ക്കിടെ പൊട്ടുകയാണ്. നാട്ടുകാർ നിരന്തരമായി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയാണ് നിർമ്മാണ പ്രവൃത്തികൾ ഒരു മാസം മുമ്പ് ആരംഭിച്ചത്. വാഹനത്തിരക്ക് മൂലം രാത്രി സമയങ്ങളിലാണ് പുനർനിർമ്മാണം നടത്തുന്നത്. റോഡിന്റെ വശങ്ങളിലേക്ക് നീണ്ടുനിൽക്കുന്ന കമ്പികളിൽ തട്ടിയും കൾവെർട്ട് നിർമ്മാണത്തിനായി കുഴിച്ചിരിക്കുന്ന കുഴികളിൽ വീണും യാത്രക്കാർ അപകടത്തിൽപ്പെടുന്നതും തുടർക്കഥയാണ്.