ചാലക്കുടി: കുറ്റിച്ചിറയിൽ സ്റ്റുഡിയോയിൽ കയറി ഉടമയെ മർദ്ദിച്ചു. ഗുരുതര പരിക്കേറ്റ ഉടമ സിദ്ധാർത്ഥനെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റുഡിയോയിലെ ഉപകരണങ്ങളും തല്ലിത്തകർത്തു. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്.

ഉടമ മോതിരക്കണ്ണി കടുക്കപ്പിള്ളി സിദ്ധാർത്ഥ(55)ന്റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി വെള്ളിക്കുളങ്ങര പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്ന അഞ്ചുപേരുടെ പേരിൽ കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് മർച്ചന്റ്‌സ് അസോസിയേഷൻ കുറ്റിച്ചിറ മേഖലാക്കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.

തുടർന്ന് കുറ്റിച്ചിറ ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗത്തിൽ പ്രസിഡന്റ് പി.പി. ശശിധരൻ അദ്ധ്യക്ഷനായി. സെക്രട്ടറി സി.കെ. ഉണ്ണിക്കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പി.എസ്. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് റോയ് ജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു.