ചാലക്കുടി: ദേശീയ പാതയിൽ തടിലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപെട്ടു. നിയന്ത്രണം വിട്ട ലോറിയിൽ നിന്നും ഇവർ ചാടി രക്ഷപ്പെടുകയായിയുന്നു. റോഡരികിൽ വച്ചിരുന്ന ബൈക്കിന് മുകളിലൂടെയാണ് ലോറി മറിഞ്ഞത്.
എറണാകുളത്ത് നിന്നും തൃശൂരിലേക്ക് പോയിരുന്ന തടി ലോറി ഡി സിനിമാസിന് സമീപം വെള്ളിയാഴ്ച രാത്രി പത്തരയ്ക്കാണ് മറിഞ്ഞത്. തടി കെട്ടിയിരുന്ന കയർ പൊട്ടിയതോടെ വണ്ടിയുടെ നിയന്ത്രണം വിട്ടു. ഡ്രൈവറും ക്ലീനറും തക്ക സമയത്ത് ലോറിയിൽ നിന്നും ചാടി ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.

മഴയെത്തുടർന്ന് റോഡരികിൽ റെയിൻ കോട്ട് ഇടുന്നതിന് ബൈക്ക് നിറുത്തിയിരുന്ന യുവാവും ഈ സമയം ഓടിമാറി. ഇയാളുടെ ബൈക്ക് തകർന്നുപോയി. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് തടികൾ റോഡിൽ നിന്നു നീക്കം ചെയ്തു. തിരക്ക് കുറവായതിനാൽ വാഹന ഗതാഗതത്തിന് തടസമില്ലായിരുന്നു.