
തൃശൂർ : വി.മുരളീധരൻ കേരള ബി.ജെ.പിയുടെ ശാപമെന്ന് ട്വീറ്റ് ചെയ്ത യുവമോർച്ച തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പുറത്ത്.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രസീദ് ദാസാണ് ട്വീറ്റ് ചെയ്തത്. 'തിരഞ്ഞെടുപ്പ് തോൽവികൾക്ക് കാരണം വി.മുരളീധരനാണ്. 'മുരളീധരനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും പ്രസീദ് ദാസ് സാമൂഹികമാദ്ധ്യമത്തിലൂടെ വിമർശിച്ചു. കേന്ദ്രമന്ത്രിക്കെതിരെ വിമർശനം ഉയർത്തിയ പ്രസിദ് ദാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ അറിയിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണന്റെ ബന്ധുകൂടിയാണ് പ്രസീദ് ദാസ്.
മെഡിക്കൽ കോളേജ് യൂണിയൻ ; ഇ.ഗീത കൃഷ്ണ ചെയർപേഴ്സൺ
തൃശൂർ : മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണായി ഇ.ഗീത കൃഷ്ണ വിജയിച്ചു. പി.എം ആസിഫ് ഹസൻ (വൈസ് ചെയർമാൻ ജനറൽ), പി.ആസിന അബ്ദുൾ അസീസ് (വൈസ് ചെയർപേഴ്സൺ സ്ത്രീ), അർച്ചിത് നായർ (ജനറൽ സെക്രട്ടറി), പി.ജെ അഞ്ജന (ജോയിന്റ് സെക്രട്ടറി), എം.കിരൺ (ഫൈൻ ആർട്സ് സെക്രട്ടറി), വി.പ്രണവ് ( സ്റ്റുഡന്റ് എഡിറ്റർ), വസീം സയ്യിദ് മുഹമ്മദ് (സെക്രട്ടറി, സ്പോർട്സ് ആൻഡ് ഗെയിംസ് ), ആസ്റ്റിൻ ബൈജു (യു.യു.സി) എന്നിവരാണ് മറ്റ് വിജയികൾ.