ചേലക്കര: പരിസ്ഥിതി ദിനത്തിൽ തണലായി നിന്ന ആൽമരം മുറിക്കാനുള്ള ശ്രമം പ്രതിഷേധത്തിനിടയാക്കി. ചേലക്കര സംസ്ഥാന പാതയോരത്ത് മേപ്പാടം സെന്ററിൽ നിൽക്കുന്ന ആൽമരം മുറിച്ചു നീക്കാനുള്ള ശ്രമമാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചത്. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയുടെ നവീകരണം നടക്കുന്നതിന്റെ ഭാഗമായാണ് മരം മുറിക്കാൻ കരാറുകാരുടെ നേതൃത്വത്തിൽ തൊഴിലാളികളെത്തിയത്. ഞായറാഴ്ച തിരക്ക് കുറവുളളതിനാലാണ് രാവിലെ തന്നെ ആൽമരം മുറിച്ചു നീക്കുന്നതിന് തൊഴിലാളികൾ എത്തിയത്. മരത്തിൽ കയറി കൊമ്പുകൾ ഇറക്കുന്നതിനിടെ നാട്ടുകാർ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഒടുവിൽ കരാർ നടത്തിപ്പുകാർ മരം മുറിക്കുന്നതിൽ നിന്നും പിന്മാറുകായായിരുന്നു. പരിസ്ഥിതി ദിനത്തിൽ മരം വച്ചു പിടിപ്പിക്കുന്ന പ്രവൃത്തികൾ പരക്കെ നടക്കുമ്പോൾ വികസനത്തിന്റെ പേരിൽ അന്നേ ദിവസംതന്നെ മരം മുറിച്ചു നീക്കാൻ നടത്തിയ ശ്രമമാണ് നാട്ടിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കിയത്.