തൃശൂർ: നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചുള്ള ബി.ജെ.പിയുടെ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി. നരേന്ദ്ര മോദി സർക്കാരിന്റെ 8 വർഷത്തെഭരണ നേട്ടങ്ങൾ വിശദീകരിക്കുന്ന ലഘുലേഖയുമായാണ് സമ്പർക്കം. കേന്ദ്ര സർക്കാർ പദ്ധതികൾക്ക് അർഹരായവരെ ഗുണഭോക്താക്കളാക്കുന്ന പ്രവർത്തനത്തിനും തുടക്കമായി. സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ സമ്പർക്ക പരിപാടിക്ക് നേതൃത്വം നൽകി. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രമുഖ വ്യക്തികളെ സമ്പർക്കം ചെയ്തു. മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, ഗായകൻ പി.ജയചന്ദ്രൻ, എം.ബി.ബി.എസ് ഫസ്റ്റ് റാങ്ക് നേടിയ അശ്വതി സൂരജ് എന്നിവരുടെ വീടുകളിലെത്തി കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വെസ്റ്റ് മണ്ഡലം അദ്ധ്യക്ഷൻ രഘുനാഥ് സി.മേനോൻ, മണ്ഡലം ജനറൽ സെക്രട്ടറി മനോജ് മടത്തിൽ, ഏരിയ പ്രസിഡന്റ് മുരളീനാഥ് എന്നിവരും ഒപ്പമുണ്ടായിരുന്നു.