ചാലക്കുടി: ഉദ്ഘാടന ചടങ്ങ് നടത്താതെ ഗതാഗതത്തിന് തുറന്നുകൊടുത്ത കോടശേരി മേച്ചിറ പാലം വീണ്ടും അടച്ചിടാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. പൊലീസ് സ്ഥലത്തെത്തി, നാട്ടുകാരോട് പിൻമാറാൻ ആവശ്യപ്പെട്ടത് നേരിയ തോതിൽ ബഹളത്തിനിടയാക്കി. തുടർന്ന് നടന്ന ചർച്ചകൾക്ക് ശേഷം പാലത്തിന്റെ ഒരു ഭാഗത്തുകൂടി വാഹനങ്ങൾ കടന്നുപോകാൻ പൊലീസ് സൗകര്യം ഒരുക്കി. നടപ്പാതയിൽ ടൈൽ വിരിക്കുന്നതിനാണ് പാലം അടച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എതിർപ്പുയർന്നതോടെ തുടർപ്രവർത്തനങ്ങൾ പാലം പൂർണമായും അടയ്ക്കാതെ നടത്താൻ തീരുമാനിച്ചാണ് പ്രശ്‌നം അവസാനിപ്പിച്ചത്. മേച്ചിറ പാലം നിർമ്മാണം തുടക്കം മുതൽ ഏറെ വിവാദത്തിലായിരുന്നു. പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഒരു വർഷത്തോളം വൈകിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഒടുവിൽ പ്രധാന വാർക്ക തീർന്നതോടെ ഉദ്ഘാടനം നടത്താതെ പാലം തുറന്നു കൊടുത്തു. ഇതിനിടെയാണ് ഞായറാഴ്ച പാലം അടച്ചിടാൻ ശ്രമിച്ചത്.