
ഗുരുവായൂർ: വിവാദമായ ഗുരുവായൂരപ്പന്റെ ഥാർ പുനർലേലത്തിലൂടെ 43 ലക്ഷം രൂപയ്‌ക്ക് മലപ്പുറം, അങ്ങാടിപ്പുറം കുന്നത്ത് വീട്ടിൽ വിഘ്‌നേഷ് വിജയകുമാർ സ്വന്തമാക്കി. ഒപ്പം 4.5 ലക്ഷം രൂപ ജി.എസ്.ടിയുമടയ്‌ക്കണം. ഇന്നലെ രാവിലെ 11ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയന്റെ സാന്നിദ്ധ്യത്തിൽ ക്ഷേത്രത്തിന്റെ തെക്കേ നടപ്പന്തലിലായിരുന്നു ലേലം.
വിഘ്‌നേഷിന്റെ ഗ്ലോബൽ സ്‌മാർട്ട് ബിസിനസ് ഗ്രൂപ്പ് ലിമിറ്റഡ് കമ്പനിയുടെ ജനറൽ മാനേജർ അനൂപാണ് പങ്കെടുത്തത്. 15 ലക്ഷം അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ലേലത്തിൽ 14 പേർ പങ്കെടുത്തു. നാല് ടെൻഡർ ലഭിച്ചെങ്കിലും ലേലം കൊണ്ട തുകയേക്കാൾ കുറവായിരുന്നു. ലേലം പിടിച്ചയാൾ അടുത്ത പ്രവൃത്തി ദിവസം ഉയർന്ന നിരക്കിന്റെ പകുതി സംഖ്യ അടയ്ക്കണം. ഭരണ സമിതി അംഗീകാരത്തിന് ശേഷമുള്ള അറിയിപ്പ് ലഭിച്ച് 3 ദിവസത്തിനകം ബാക്കി തുക അടയ്ക്കണം. ഭരണസമിതി തീരുമാനം ലഭിക്കുമ്പോൾ വാഹനരേഖകൾ കൈമാറും. അതേസമയം ഥാറുമായി മടങ്ങിയാൽ മതിയെന്ന് പറഞ്ഞാണ് തന്നെ അയച്ചതെന്ന് അനൂപ് വ്യക്തമാക്കി.
ഥാറിന്റെ വിവാദങ്ങളുടെ ഭൂതകാലം
2021 ഡിസംബർ 4ന് മഹീന്ദ്ര ഗ്രൂപ്പ് സമർപ്പിച്ച വാഹനം
ഡിസംബർ 18 ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ആദ്യലേലം
അടിസ്ഥാന വില 15 ലക്ഷം
കൊച്ചി ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് അലി സ്വന്തമാക്കിയത് 15.10 ലക്ഷം രൂപയ്ക്ക്
21 ലക്ഷം വരെ നൽകാമെന്ന് അമലിനായി പങ്കെടുത്ത സുഭാഷ് പണിക്കറുടെ പരാമർശം
ലേലം ശരിയായ രീതിയിലല്ലെന്നാരോപിച്ച് ഹിന്ദു സേവാ സമിതി ഹൈക്കോടതിയിൽ
ഇരുകക്ഷികളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ ദേവസ്വം കമ്മിഷണർക്ക് കോടതി നിർദ്ദേശം
തുടർന്ന് ചർച്ചയിലൂടെ പുനർലേലം
'ഗുരുവായൂരപ്പന്റെ ഥാർ വാഹനം എത്ര ഉയർന്ന വില നൽകിയും സ്വന്തമാക്കാനാണ് തീരുമാനിച്ചിരുന്നത്".
- വിജയകുമാർ,
ഥാർ സ്വന്തമാക്കിയ വിഘ്‌നേഷിന്റെ പിതാവ്