മാള: കാർമ്മൽ കോളേജിൽ നാലാം ഘട്ട നാക് സന്ദർശനം ഇന്നും നാളെയും നടക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ച് റൂബി ജൂബിലി പിന്നിട്ട കോളേജിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണിത്. പാഠ്യപാഠ്യേതര മികവ് , നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പ്രവർത്തന രീതികൾ, ഗവേഷണ പ്രവർത്തങ്ങൾ, മറ്റു സൗകര്യങ്ങൾ, വിദ്യാർത്ഥിനികളുടെ കലാ കായിക സർഗാത്മക കഴിവുകൾ, അദ്ധ്യാപന രീതികൾ, വിവിധ ക്ലബ്ബുകളുടെയും സെല്ലുകളുടേയും പ്രവർത്തങ്ങൾ, ഭരണ സംവിധാനം തുടങ്ങിയവ വിലയിരുത്താനാണ് നാക് ടീം സന്ദർശനം
നടത്തുന്നത്.

ആസാം വിമൻസ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അജന്ത ബൊർഗോഹെയ്ൻ രാജ് കോൺവാർ, ഗുജറാത്ത് സർദാർ പട്ടേൽ യൂണിവേഴ്‌സിറ്റി മാത്തമാറ്റിക്‌സ് വിഭാഗം മേധാവി പ്രൊഫ. അബ്ദുൾ വാഹിദ് ഹസ്മാനി, ചെന്നൈ വിമൻസ് ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ. ലിലിയൻ ജാസ്പർ എന്നിവർ അങ്ങുന്നതാണ് നാക് സംഘം.

2005, 2010 , 2015 വർഷങ്ങളിലായി നടന്ന സന്ദർശനങ്ങളിൽ ഉയർന്ന പോയിന്റോടെ എ ഗ്രേഡ് എന്ന നേട്ടം കോളേജ് കൈവരിച്ചിട്ടുണ്ട്. കോളേജിന്റെ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ട് നാക് സമിതിക്കു സമർപ്പിച്ചത് പ്രകാരമുള്ള വിലയിരുത്തലിന്റെ അവസാന ഘട്ടമാണ് ഇന്നും നാളെയുമായി നടക്കുന്ന നാക് പിയർ ടീം സന്ദർശനം.