ചാലക്കുടി: കലാഭവൻ മണിക്ക് സ്മാരകം നിർമ്മിക്കുന്നതിനായി ഗവ.സ്‌കൂളിന്റെ പരിധിയിൽ വരുന്ന 35 സെന്റ് സ്ഥലം ഫോക്‌ലോർ അക്കാഡമിക്ക് വിട്ടു നൽകി ചാലക്കുടി നഗരസഭ. വിവിധ വകുപ്പുകളുടെ കീഴിലെ പരിസരത്തെ 15 സെന്റ് സ്ഥലം കൂടി സ്മാരക നിർമ്മാണത്തിന് വിനിയോഗിക്കും. സ്ഥലം പരിശോധിച്ച് അളന്ന് തിട്ടപ്പെടുത്തിയ ശേഷം നഗരസഭാ കാര്യാലയത്തിൽ നടന്ന യോഗത്തിൽ ചെയർമാൻ വി.ഒ. പൈലപ്പൻ 35 സെന്റ് സ്ഥലത്തിന്റെ എൻ.ഒ.സി അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണന് കൈമാറി. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എയും ഒപ്പമുണ്ടായിരുന്നു. സ്മാരക നിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു. സ്മാരകത്തിന്റെ രൂപരേഖ തയ്യാറാക്കുകയും അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് ശിലാസ്ഥാപനം നടത്തുമെന്നും ഫോക്‌ലോർ അക്കാഡമി ചെയർമാൻ അറിയിച്ചു. വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷരായ അഡ്വ.ബിജു എസ്. ചിറയത്ത്, നിതാപോൾ, സി. ശ്രീദേവി, അക്കാഡമി സെക്രട്ടറി എ.വി. അജയകുമാർ, ഡോ. ആർ.എൽ.വി രാമകൃഷ്ണൻ, പൊതുപ്രവർത്തകൻ യു.എസ്. അജയകുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

സാംസ്‌കാരിക കേന്ദ്രം ഇങ്ങനെ

കലാഭവൻ മണിയുടെ സ്മരണാർത്ഥം സാംസ്‌കാരിക കേന്ദ്രം നിർമ്മിക്കുന്നതിന് സാംസ്‌കാരിക വകുപ്പ് അനുവദിച്ചത് 3 കോടി രൂപ.
നാടൻ കലാരൂപ ഉകരണങ്ങളുടെ പ്രദർശന ഹാൾ, കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് ഹോം തിയറ്റർ, നാടൻ പാട്ട്, മിമിക്രി പരിപാടികൾക്കായി ഡിജിറ്റൽ ലൈബ്രറി, വിവിധ സംസ്ഥാനങ്ങളുടെ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിന് സ്റ്റേജ്.