 
പാഴായി-ഊരകം റോഡിൽ വഴിയോരത്ത് തണൽമരങ്ങൾ നട്ടുവളർത്തുന്നതിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു.
പുതുക്കാട്: ഊരകം റോഡിൽ പാഴായി പടിഞ്ഞാട്ടുംമുറിയിൽ വഴിയോരത്തും ഇനി തണൽ മരങ്ങൾ വളരും. നെന്മണിക്കര പഞ്ചായത്തിന്റെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ഭാഗമായാണ് വൃക്ഷത്തൈകൾ നട്ടത്. കണിക്കൊന്ന, ഉങ്ങ്, മണിമരുത്, നെല്ലി, ബദാം എന്നിവയുടെ തൈകളാണ് വഴിയോരത്ത് തണൽ ഒരുക്കുന്നതിന്റെ ഭാഗമായി നട്ടത്. തൈകൾക്കാവശ്യമായ കൂടുകളും ഒരുക്കിയിട്ടുണ്ട്.
ചിറ്റിശ്ശേരി തണൽ കോംപ്ലക്‌സിലാണ് വൃക്ഷത്തൈകൾ ഉത്പ്പാദിപ്പിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ദിവസത്തിൽ മൂന്ന് പേർ വച്ചായിരുന്നു തൈകളെ പരിപാലിച്ചിരുന്നത്. പാഴായി പടിഞ്ഞാട്ടുംമുറിയിൽ 10 മീറ്റർ വീതിയിലുള്ള പൊതുമരാമത്ത് റോഡിന്റെ ഇരുവശത്തും മരം നടാനാവശ്യമായ കുഴികളെടുത്തിരുന്നു. നടപ്പാതയായി ഉപയോഗിക്കാനും ഇരിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കി ഒരു വിശ്രമകേന്ദ്രം സജ്ജമാക്കാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്
കെ. കെ. രാമചന്ദ്രൻ എം.എൽ.എ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, വൈസ് പ്രസിഡന്റ് ടി.വി.ജയലക്ഷ്മി, ജനപ്രതിനിധികളായ കെ.വി. ഷാജു, കെ.എ. അനിൽകുമാർ, ബേബി മോഹൻദാസ്, ട്രീസ ടീച്ചർ, സണ്ണി ചെറിയാലത്ത്, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് മാറ്റ്‌ലി, കൃഷി ഓഫീസർ രേഷ്മ, വി.ഇ.ഒ ഷൈജ, സന്ധ്യ സജീവൻ, തൊഴിലുറപ്പ് പ്രവർത്തകർ, പൊതുപ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.