ചേലക്കര: നിയോജക മണ്ഡലത്തിൽ കാർഷികവിളകളുടെ സംസ്‌കരണ കേന്ദ്രം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ചേലക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ചേലക്കര മണ്ഡലത്തിലെ തിരുവില്വാമല, പഴയന്നൂർ, കൊണ്ടാഴി, ചേലക്കര, പാഞ്ഞാൾ, വള്ളത്തോൾ നഗർ, ദേശമംഗലം, വരവൂർ, മുള്ളൂർക്കര എന്നീ ഒമ്പത് പഞ്ചായത്തുകളിലെ കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് പഞ്ചായത്ത്തല യോഗം ജൂൺ 25നകം ചേർന്ന് ജൂൺ 30 ന് നിലവിലെ കാർഷികവിളകളുടെ ഉത്പ്പാദനവും വിപണനവും സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി ജൂലൈ രണ്ടാം വാരത്തോടെ നിയോജക മണ്ഡലം ശിൽപ്പശാല സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തിൽ ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ, മന്ത്രിയുടെ പ്രതിനിധി കെ.കെ. മുരളീധരൻ, പഴയന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷീബ ജോർജ്.കെ എന്നിവർ പങ്കെടുത്തു.