 
അന്തിക്കാട്: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി വിലയിരുത്തിയും വിദ്യാർത്ഥികളോടൊപ്പം ഉച്ചയൂണ് കഴിച്ചും ജനപ്രതിനിധികൾ. അന്തിക്കാട് ഗവ. എൽ.പി സ്കൂളിൽ അപ്രതീക്ഷിത അതിഥികളായി എത്തിയാണ് സി.സി. മുകുന്ദൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ എന്നിവർ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി വിലയിരുത്തിയത്.
പൊതു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരവും ജനപ്രതിനിധികൾ വിലയിരുത്തി. പാചകപ്പുര ,ഭക്ഷണം ഉണ്ടാക്കുന്ന പാത്രങ്ങൾ, ഉച്ചഭക്ഷണ സാധന സാമഗ്രികൾ, ഭക്ഷണം കുട്ടികൾക്ക് വിളമ്പുന്നതും കഴിക്കുന്നതുമായ പാത്രങ്ങൾ ഉൾപ്പെടെ എം.എൽ.എയും സംഘവും പരിശോധിച്ചു. സാമ്പാർ, കാബേജ്, പപ്പടം എന്നീ വിഭവങ്ങളായിരുന്നു തിങ്കളാഴ്ച കുട്ടികൾക്ക് വിളമ്പിയത്.
കഴിഞ്ഞ പത്ത് വർഷമായി അന്തിക്കാട് സ്വദേശിയായ എം.എസ്. സുഭദ്രയാണ് കുട്ടികൾക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. പയർ, മുട്ട, കടല, കൊള്ളി, ബീറ്റ് റൂട്ട്, കാരറ്റ്, പരിപ്പ്, കുമ്പളം, വെള്ളരി, മത്തങ്ങ, രുചികരമായ വെള്ളരിച്ചോറ്, ശുദ്ധമായ കുടിവെള്ളം എന്നിങ്ങനെയാണ് ഇവിടെത്തെ ആഴ്ചയിലെ ഭക്ഷണവിഭവക്രമം.
ജനപ്രതിനിധികളായ ശരണ്യ രജീഷ്, ലീന മനോജ്, ബി.ആർ.സിയിലെ ബി.പി.സി കെ.എച്ച്. സിന്ധു, ട്രെയിനർ സീമ ജി. നായർ, എച്ച്.എം ഇൻ ചാർജ് സി.വി. ബീന, പി.ടി.എ പ്രസിഡന്റ് എം.കെ. സതീശൻ എന്നിവരും എത്തിയിരുന്നു.