ചാലക്കുടി: ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ കോടശ്ശേരി പഞ്ചായത്തിലെ അഞ്ഞൂറോളം വനിതകൾക്ക് പെൻഷൻ മുടങ്ങി. മേയ് മാസത്തെ വിധവ, അഗതി പെൻഷനുകളാണ് ലഭിക്കാത്തത്. പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടവരുടെ വർഷാന്ത്യ വിവരങ്ങൾ സാമൂഹികക്ഷേമ വകുപ്പിലേക്ക് നൽകാത്തതാണ് പ്രശ്‌നമായത്. പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരംസമിതിയിൽ നിന്നും പട്ടിക പുതുക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തില്ലെന്ന് പറയുന്നു. പെൻഷൻകാരിൽ നിന്നും ആശാവർക്കർമാർ വിവരങ്ങൾ ശേഖരിച്ച് നേരത്തെ ഓഫീസിൽ നൽകിയിരുന്നു. എന്നാൽ തുടർന്നുള്ള സത്യവാങ്ങ്മൂലം നൽകലോ സാക്ഷ്യപ്പത്രം തയ്യാറാക്കലോ ഉണ്ടായില്ല. മേയ് 20നകം നടപടികൾ പൂർത്തിയാക്കി ഓൺലൈനിൽ വിവരം നൽകണമെന്നായിരുന്നു നിർദ്ദേശം. പെൻഷനുകൾ മുടങ്ങിയത് പഞ്ചായത്തിൽ പ്രതിഷേധത്തിന് ഇടയാക്കി.