തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്ക് നിർമ്മാണത്തിനായി മണ്ണ് നീക്കുന്നതിന് കരാർ ഏറ്റെടുത്ത് പണികൾ നടത്തിയിട്ടും പണം ഇതുവരെ ലഭിച്ചില്ലെന്ന് ഒ.ജെ.എസ് കൺസ്ട്രക്ഷൻ ഉടമ പുത്തൂർ സ്വദേശിയായ തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു. 87,40,724 രൂപ ഇനിയും നൽകാനുണ്ടെന്നും പണം നൽകിയില്ലെങ്കിൽ അടുത്ത ദിവസം പുത്തൂർ സുവോളജിക്കൽ പാർക്കിൽ സമരം നടത്തുമെന്നും തോമസ് പറഞ്ഞു. സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണ കരാർ കമ്പനിയായ പി.എൻ.എസ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയുമായി 2019 ഒക്ടോബറിലാണ് തോമസ് കരാറിലേർപ്പെട്ടത്. ഓരോ രണ്ടാഴ്ച്ച കഴിയുമ്പോൾ പണം നൽകാമെന്നായിരുന്നു കരാർ. എന്നാൽ കരാർപ്രകാരം പണം നൽകുന്നതിന് കമ്പനി തയ്യാറായില്ല. പണം ആവശ്യപ്പെട്ടപ്പോൾ കുറച്ച് തുക മാത്രമാണ് തന്നത്. ഈ തുക വാങ്ങിച്ചുവെന്ന് വെള്ളപേപ്പറിൽ ഒപ്പിട്ട് വാങ്ങിയ ശേഷം കൂടുതൽ തുക കൈപ്പറ്റിയെന്ന് വ്യാജമായി എഴുതി ചേർത്തുവത്രേ. മന്ത്രി കെ. രാജനോട് പരാതി പറഞ്ഞെങ്കിലും ഇതുവരെ നടപടികളൊന്നുമായില്ല. ലോറികൾ ബാങ്കുകാർ കൊണ്ടുപോയതോടെ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും അതിനാലാണ് സമരം നടത്താൻ തീരുമാനിച്ചതെന്നും തോമസ് പറഞ്ഞു. ഭാര്യയും മകളുമടക്കമാണ് പത്രസമ്മേളനത്തിനെത്തിയത്.