
തൃശൂർ : കോടികളുടെ വികസന പ്രവർത്തനത്തിന് മെഡിക്കൽ കോളേജിൽ തുടക്കം കുറിച്ചെങ്കിലും ഇതുവരെയും പലതും ലക്ഷ്യ സ്ഥാനത്തെത്തിയിട്ടില്ല. ജനറൽ മെഡിസിൻ അത്യാഹിത വിഭാഗത്തിന് അടുത്ത് പ്രവർത്തിക്കുന്ന ഇടുങ്ങിയ മുറിയിലാണ് കുട്ടികളുടെ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്.
മെഡിസിൻ വിഭാഗത്തിലെ രോഗികളുടെ ഇടയിലൂടെ വേണം കുട്ടികളുടെ ഐ.സി.യുവിലെത്താൻ. അഞ്ച് കുട്ടികളെ പോലും കിടത്താനുള്ള സൗകര്യം ഈ അത്യാഹിത വിഭാഗത്തിലില്ല. ഇവിടെ കുട്ടികൾക്ക് ആവശ്യമായ ചികിത്സ നൽകാനാകാതെ ഡോക്ടർമാർ ബുദ്ധിമുട്ടുകയാണ്. മാസങ്ങളായി നിലച്ചു കിടക്കുന്ന ദന്ത ശസ്ത്രക്രിയ വിഭാഗം ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല.
അതുപോലെ മുൻ എം.എൽ.എ അനിൽ അക്കരയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 3.5 കോടി ചെലവഴിച്ച് ഒന്നര വർഷം മുൻപ് വാങ്ങിയ റേഡിയേഷൻ യന്ത്രം അട്ടത്താണ്. ഒ.പി ടിക്കറ്റ് ഓൺലൈനാക്കാനുള്ള നടപടികൾ പകുതിയിൽ നിറുത്തി. എം.ആർ.ഐ സ്‌കാൻ യന്ത്രം സ്ഥാപിക്കാൻ മാസങ്ങൾക്ക് മുമ്പ് അനുമതി ലഭിച്ചെങ്കിലും തുക പോരെന്ന് പറഞ്ഞ് കരാറുകാർ പിൻവലിഞ്ഞതിനാൽ വീണ്ടും ഓപ്പൺ ടെൻഡർ വിളിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മെഷീന് ആവശ്യമായ തുക ആർ.എസ്.ബി.വൈ ഫണ്ടിൽ നിന്ന് ചെലവഴിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് ആശ്വാസകരമാണ്.
ജീവനക്കാരുടെ കുറവ് വീർപ്പ് മുട്ടിക്കുന്നു
വീൽച്ചെയറും ട്രോളിയും ലഭിക്കാൻ കസർത്ത് കളിക്കേണ്ട സ്ഥിതിയാണ്. അവശനിലയിൽ ആശുപത്രിയിലെത്തുന്ന രോഗികളെ സഹായിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് രോഗികളുടെയും കൂട്ടിയിരിപ്പുകാരുടെയും ദുരിതത്തിന് കാരണം. രോഗികളെ ഒപ്പമുള്ളവർ കൊണ്ടുപോകേണ്ട അവസ്ഥയുമുണ്ട്. ചക്രക്കസേരകളും ട്രോളികളും ലഭിക്കണമെങ്കിൽ ആധാർ കാർഡ് വരെ നൽകേണ്ട സ്ഥിതിയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ രോഗികളുടെ കൂടെ വരുന്ന ബന്ധുക്കൾ രോഗികളെയും തള്ളിക്കൊണ്ടു പോകേണ്ട സ്ഥിതിയാണ്. ഇതുമായി ബന്ധപ്പെട്ട് മിക്ക ദിവസങ്ങളിലും ജീവനക്കാരും രോഗികളുടെ കൂടെയെത്തുന്നവരും തമ്മിൽ സംഘർഷാവസ്ഥ പതിവാണ്.
രോഗികളെ ഇത്തരം കാര്യങ്ങൾക്കായി സഹായിക്കേണ്ട ചുമതല ഗ്രേഡ് ഒന്ന് ജീവനക്കാർക്കാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടായിരത്തോളം കിടപ്പു രോഗികളുണ്ട്. നാലായിരത്തോളം പേർ ഓരോ ദിവസവും ഒ.പിയിലെത്തുന്നു. 500ലേറെ പേർ അടിയന്തര ചികിത്സ തേടി അത്യാഹിത വിഭാഗത്തിലുമെത്തും. ഇവരെയെല്ലാം സഹായിക്കാൻ ഒരു ഷിഫ്റ്റിൽ 25 ഗ്രേഡ് ഒന്ന് ജീവനക്കാർ പോലും ഇല്ലാത്ത സ്ഥിതിയാണ്.
(നാളെ : ലക്ഷ്യത്തിലെത്താതെ മാലിന്യ പ്ലാന്റ്)