കയ്പമംഗലം: തീരദേശത്ത് കുറുന്തോട്ടി കൃഷി വ്യാപിക്കാനൊരുങ്ങി മതിലകം ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത്. മതിലകം പതിനാറാം വാർഡിൽ അഞ്ചേക്കർ സ്ഥലത്താണ് കുറുന്തോട്ടി കൃഷി ആരംഭിച്ചിരിക്കുന്നത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് മതിലകം ബ്ലോക്ക് പഞ്ചായത്തും മതിലകം പഞ്ചായത്തും സംയുക്തമായി കൃഷിയിറക്കുന്നത്. തരിശായി കിടന്നിരുന്ന അഞ്ചേക്കർ സ്ഥലം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷിക്കായി ഒരുക്കിയത്. ആദ്യ ഘട്ടത്തിൽ മൂന്നേക്കർ സ്ഥലത്ത് മൂന്ന് ലക്ഷം കുറുന്തോട്ടി തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. മറ്റത്തൂർ ലേബർ സഹകരണ സംഘത്തിൽ നിന്നുമാണ് കുറുന്തോട്ടി തൈകൾ എത്തിച്ചത്. 6 മുതൽ 8 മാസത്തിനുള്ളിൽ കുറുന്തോട്ടി വിളവെടുക്കാൻ സാധിക്കും. വിളവെടുത്ത കുറുന്തോട്ടി സംഘം തന്നെ തിരിച്ചെടുക്കും. പതിനാറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് കൃഷി പരിപാലിക്കുന്നത്. കൂടാതെ 10,000 കച്ചോലം തൈകളും പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കും. ഇതോടൊപ്പം പച്ചക്കറി കൃഷിയും, ചെണ്ടുമല്ലി കൃഷിയും ആരംഭിക്കാനും പദ്ധതിയൊരുക്കിയിട്ടുണ്ട്. മതിലകം കൃഷിഭവന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രാവിലെ നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ തൈ നട്ട് ഉദ്ഘാടനം ചെയ്തു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അദ്ധ്യക്ഷയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ മുഖ്യാതിഥിയായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനില മാത്യു, കൃഷി ഓഫീസർ ബൈജു ബേബി, വാർഡ് മെമ്പർ ഇ.കെ. ബിജു എന്നിവർ പങ്കെടുത്തു.