nws
ചൊവ്വന്നൂരിലെ മൂന്നാം നമ്പർ അംഗൻവാടി.

കുന്നംകുളം: ഒരു വർഷത്തോളമായി വെള്ളമില്ലാത്തതിനാൽ പ്രതിസന്ധിയിലായിരിക്കുകയാണ് ചൊവ്വന്നൂർ പഞ്ചായത്തിലെ എട്ടംപുറം മൂന്നാം നമ്പർ അംഗൻവാടിയിലെ കുരുന്നുകളും ജീവനക്കാരും. കഴിഞ്ഞ ഡിസംബർ മുതലാണ് ഈ അംഗൻവാടിയിലേക്ക് വെള്ളമെത്താതായതെന്ന് നാട്ടുകാർ പറയുന്നു. നിരവധി തവണ വാർഡ് മെമ്പർക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ഇവരുടെ ആക്ഷേപം. ഒരു വർഷത്തോളമായി ഇവിടെ ശുദ്ധജലം കിട്ടാത്തതിനെ തുടർന്ന് അംഗൻവാടിയിലെ ആവശ്യത്തിന് സമീപത്തെ വീട്ടിൽ നിന്നാണ് വെള്ളം എടുക്കുന്നത്.
2015ൽ ഉദ്ഘാടനം ചെയ്ത ചൊവ്വന്നൂർ എട്ടംപുറം കുടിവെള്ള പദ്ധതിയിൽ നിന്നാണ് അംഗൻവാടി ഉൾപ്പെടെ പതിനലോളം വീടുകളിലേക്ക് വെള്ളം ലഭിക്കുന്നത്. അംഗൻവാടിക്ക് പുറകിലുള്ള സ്ഥലത്ത് കുഴൽക്കിണർ സ്ഥാപിച്ച് ഇവിടെ നിന്നുമാണ് മേട്ടോർ ഉപയോഗിച്ച് 250 മീറ്ററോളം അപ്പുറത്തുള്ള കുടിവെള്ളപദ്ധതിയുടെ ടാങ്കിലേക്ക് വെള്ളം അടിച്ച് കയറ്റുന്നത്. ഈ ടാങ്കിൽ നിന്നുമാണ് അംഗൻവാടിയിലേക്ക് വെള്ളം എത്തേണ്ടത്. എന്നാൽ വല്ലപ്പോഴും മാത്രമാണ് കുറച്ച് വെള്ളം ലഭിക്കുന്നതെന്നും അത്യാവശ്യ കാര്യങ്ങൾക്ക് പോലും ഇത് ഉപയോഗിക്കാൻ കഴിയില്ലെന്നുമാണ് പറയുന്നത്. നിലവിൽ ആറ് കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. അംഗൻവാടിയിലേക്ക് വെള്ളമെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ പഞ്ചായത്ത് ഉടൻ സ്വീകരിക്കണമെന്ന് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ബെന്നി മുരിങ്ങത്തേരി, പി.വി. ജോജി, കെ.എസ്. ജധിൻ, ജിബിൻ എന്നിവർ ആവശ്യപ്പെട്ടു.

ഒരു വർഷമായി വെള്ളം ലഭിച്ചില്ലെന്ന് പറയുന്നത് നുണയാണ്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ രോഷം തീർക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ. പഞ്ചായത്തുമായി ബന്ധപ്പെട്ട് വെള്ളം ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്.
-വിപിൻ കണ്ണൻ
(വാർഡ് മെമ്പർ)