ചാലക്കുടി: കാട്ടാനകൾ റോഡിലിറങ്ങുന്നതിനെ തുടർന്ന് സംഭവിക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് തുമ്പൂർമുഴിയിൽ വനപാലകർ ഒരുക്കിയ നിരീക്ഷണ കാമറകൾ പ്രവർത്തിച്ചു തുടങ്ങി. എന്നാൽ രണ്ടു ദിവസവും വഴിമുടക്കിയ ആനകളെ കണ്ടെത്തിയില്ല. റോഡിന്റെ ഇരുഭാഗങ്ങളിലും സ്ഥാപിച്ച ഡിജിറ്റൽ വാളുകളിൽ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുകയാണ് ഇവിടെ ചെയ്യുന്നത്. പ്രസ്തുത സ്ഥലങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന കാമറകൾ നൂറ് മീറ്റർ അകലെയുള്ള ആനകളുടെ ചിത്രങ്ങൾ ഒപ്പിയെടുത്ത് സെൻസർ മുഖേനെ സർവറിലെത്തും. ഇതോടൊപ്പം ചുമലതയുള്ള ഫോറസ്റ്റ് ഓഫീസർക്കും വിവരം ലഭിക്കും. ഉടൻതന്നെ സെർവറിൽ ആനകളുടെ വലിപ്പവും രേഖപ്പെടുത്തും. തുടർന്ന് ഓഫീസർമാരുടെ നിർദ്ദേശങ്ങൾ ഇതേ മാർഗത്തിൽ തിരിച്ച് ഡിജിറ്റൽ വാളുകളിലുമെത്തും. വഴിയിൽ നിന്നും ആനകൾ പോകുന്ന മുറയ്ക്ക് ബോർഡുകളിലെ അപകട മുന്നറിയിപ്പ് നിലയ്ക്കും. 2 ലക്ഷം രൂപ ചെലവിൽ കൊച്ചി ആസ്ഥാനമായുള്ള ഇൻവെൻഡോയ് ടെക്‌നോളജി എന്ന സ്വകാര്യ കമ്പനിയാണ് സംവിധാനം സ്ഥാപിച്ചത്. തുമ്പൂർമുഴിയിലെ പരീക്ഷണം വിജയിച്ചാൽ അതിരപ്പിള്ളിയിലെ മറ്റു മേഖലകളിലേക്കും ഇവ വ്യാപിപ്പിക്കും.