തൃശൂർ: വിദ്യാലയങ്ങൾക്ക് സമീപത്തുള്ള റോഡുകളിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം. വിദ്യാർത്ഥികളുടെ യാത്രാപ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും സ്റ്റുഡൻസ് ട്രാവല്ലിംഗ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തിൽ തീരുമാനിച്ചു. രാവിലെ 8.30 മുതൽ 10.30 വരെയും വൈകുന്നേരങ്ങളിലും പാർക്കിംഗ് അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. താലൂക്ക് തലത്തിൽ ആഗസ്റ്റ് രണ്ടാംവാരം പി.ടി.എ പ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവരെ ഉൾപ്പെടുത്തി യോഗം ചേരാൻ ജോയിന്റ് ആർ.ടി.ഒമാർക്ക് നിർദ്ദേശം നൽകി. വിദ്യാർത്ഥികൾക്ക് 40 കിലോമീറ്റർ പരിധിയിൽ യാത്രാ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആർ.ടി.ഒ നിർദ്ദേശം നൽകും.
ആർ.ടി.ഒ ബിജു ജെയിംസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി. മദനമോഹനൻ, ഡി.വൈ.എസ്.പി സി. ഷാജി ജോസ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി. വിനോദ്കുമാർ, എസ്.ഐ മനോഹരൻ, കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ എൻ.ജി. രാജേഷ്, ജോ. ആർ.ടി.ഒമാരായ കെ.ബി. സിന്ധു, സി. സുനിൽകുമാർ, വി.സന്തോഷ് കുമാർ, സി.എസ്. അയ്യപ്പൻ, അബ്ദുൾ റഹിമാൻ പങ്കെടുത്തു.
യോഗത്തിലെ മറ്റ് തീരുമാനങ്ങൾ
അനധികൃത പാർക്കിംഗുള്ള പൂങ്കുന്നത്ത് ഒരാഴ്ച്ച കൂടുമ്പോൾ സ്‌ക്വാഡ് പ്രവർത്തനം നടത്തും. രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം 3.30 മുതൽ 5 വരെയും ടിപ്പർ തുടങ്ങിയ വാഹനങ്ങൾക്ക് യാത്ര അനുവദിക്കില്ല. വിദ്യാർത്ഥികൾക്കുള്ള കൺസഷൻ കാർഡുകൾ അനുവദിക്കുന്നതിന് ജൂലൈ 15 വരെ സമയം അനുവദിച്ചു.