തൃപ്രയാർ: നാട്ടിക പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വികസന സെമിനാറിൽ ആറ് കോടി രൂപയുടെ കരട് പദ്ധതി രേഖ അംഗീകരിച്ചു. പൊതുവിഭാഗത്തിന് 1.54 കോടി രൂപ, എസ്.സി എസ്.ടി വിഭാഗത്തിന് ഒരു കോടി, പശ്ചാത്തല മേഖലയ്ക്ക് 70 ലക്ഷം, പാർപ്പിട മേഖലയ്ക്ക് 50 ലക്ഷം, ശുചിത്വത്തിന് 72 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അദ്ധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, കെ.ബി. ഷൺമുഖൻ, ബിന്ദു പ്രദീപ്, കെ.കെ. സന്തോഷ്, ലിന്റ സുഭാഷ്, ജുബി പ്രദീപ്, കെ.ആർ. ദാസൻ, പി.വി. സെന്തിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.