news-photo
ഗുരുവായൂർ നഗരസഭ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു.

ഗുരുവായൂർ: അമൃത് നഗരങ്ങളിൽ ജി.ഐ.എസ് അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുവായൂർ നഗരസഭയിൽ സെമിനാറും വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗവും ചേർന്നു. സെമിനാർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. 2018 മുതൽ ജില്ലാ ടൗൺ പ്ലാനറുടെ നേതൃത്വത്തിൽ നഗരസഭയിലെ വിവിധ മേഖലകളിൽ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിൽ തയ്യാറാക്കിയ രേഖകൾ ജില്ലാ ഡെപ്യൂട്ടി ടൗൺപ്ലാനർ ജീവ ലിസ സേവ്യർ, അസിസ്റ്റന്റ് ടൗൺപ്ലാനർ പി.ടി. പ്രദീപ് എന്നിവർ യോഗത്തിൽ അവതരിപ്പിച്ചു. നിലവിലെ ഭൂവിനിയോഗം, കെട്ടിടങ്ങളുടെ വിനിയോഗം, തോടുകൾ, കനാലുകൾ എന്നിവയും മേഖലാടിസ്ഥാനത്തിൽ വിവരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, എ.എസ്. മനോജ്, ബിന്ദു അജിത്കുമാർ, എ. സായിനാഥൻ മാസ്റ്റർ, നഗരസഭാ സെക്രട്ടറി ബീന എസ്. കുമാർ, മുനിസിപ്പൽ എൻജിനിയർ ഇ. ലീല, കൗൺസിലേഴ്‌സ്, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഗുരുവായൂർ ക്ഷേത്രം, പാർത്ഥസാരഥി ക്ഷേത്രം, തിരുവെങ്കിടാചലപതി ക്ഷേത്രം, ആനക്കോട്ട, ചക്കംകണ്ടം, പാലയൂർ പളളി, മണത്തല ജുമാ മസ്ജിദ്, പുന്നയൂർക്കുളത്തെ നാലപ്പാട്ട് തറവാട് എന്നീ ചരിത്ര പ്രസിദ്ധങ്ങളായ കേന്ദ്രങ്ങളെ കൂട്ടിയിണക്കുന്ന ഒരു ഏകദിന ടൂറിസം പാക്കേജ് മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്താനും ഈ കേന്ദ്രങ്ങളിലേക്കുളള റോഡുകൾ വീതികൂട്ടി നവീകരിക്കുന്നതിനുളള നിർദേശങ്ങളും വർക്കിംഗ് ഗ്രൂപ്പുകൾ ചർച്ച ചെയ്തു. ഗുരുവായൂർ ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട് ദേവസ്വം തയ്യാറാക്കിയ കരട് മാസ്റ്റർ പ്ലാൻ ഗുരുവായൂർ നഗരസഭയുടെ മാസ്റ്റർ പ്ലാനുമായി ബന്ധിപ്പിക്കുന്ന വിഷയവും വർക്കിംഗ് ഗ്രൂപ്പുകൾ ചർച്ച ചെയ്തു. വർക്കിംഗ് ഗ്രൂപ്പ് നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും അത് സ്‌പെഷ്യൽ കമ്മിറ്റി, നഗരസഭാ കൗൺസിൽ എന്നിവയുടെ അംഗീകാരത്തിന് ശേഷം സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കുകയും ചെയ്യും.