ചാലക്കുടി: കുടിവെള്ളത്തിന്റെ പേരിൽ എൽ.ഡി.എഫ് കോടശ്ശേരിയിൽ രാഷ്ട്രീയ നാടകം കളിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വർഗീസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 260 ഗുണഭോക്താക്കളുള്ള മാരാങ്കോട് കുടിവെള്ള പദ്ധതിയിലെ ആദിവാസി സ്ത്രീയുടെ കണക്ഷൻ കട്ട് ചെയ്തത് വെള്ളം പാഴാക്കുന്നുവെന്ന മുന്നറിയിപ്പ് പലതവണ നൽകിയിട്ടും ചെവിക്കൊള്ളാത്തതിനാലാണ്. ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിന് തടസമുണ്ടാക്കുന്ന വിധത്തിൽ വെള്ളം പാഴാക്കുന്നതിനാലാണ് വെള്ളം കട്ട് ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റല്ല വെള്ളം കട്ട് ചെയ്തത്. അതുമായി ബന്ധപ്പെട്ട സമിതിയാണ്. അവർക്ക് വീണ്ടും കണക്ഷൻ നൽകാമെന്ന് പറഞ്ഞിരുന്നു. കുടിവെള്ള കണക്ഷൻ നൽകാതിരുന്നത് രേഖാമൂലം അപേക്ഷ നൽകാൻ തയ്യാറാകാത്തുകൊണ്ടാണ്. നല്ല രീതിയിൽ നടക്കുന്ന മാരാംകോട് കുടിവെള്ള പദ്ധതിയുടെ സമിതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അവർ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വർഗീസ്, സമിതി പ്രസിഡന്റ് ജോർജ് ചുങ്കൻ, കെ.ടി. ജോർജ്, ഊര് മൂപ്പൻ വി.എസ്. വേലായുധൻ, സമിതി സെക്രട്ടറി ജിജ സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ലിജോ ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.