 
പുതുക്കാട് : നാലുവയസുമാത്രം പ്രായമുള്ളപ്പോൾ പഞ്ചാരിയുടെ ചെമ്പടവട്ടങ്ങൾ പരിശീലിച്ച് മേളകലയുടെ താളവട്ടങ്ങളിലൂടെ വാദ്യവൈഭവം തീർത്ത ബാലൻ തായമ്പകയിൽ കൊട്ടിക്കയറാനൊരുങ്ങുന്നു. വാദ്യകലാകാരൻകൂടിയായ രാപ്പാൾ പിണ്ടിയത്ത് വീട്ടിൽ സുരേഷിന്റേയും നീതുവിന്റേയും മകൻ അഭിനന്ദ്കൃഷ്ണയാണ് തായമ്പകയിൽ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്. യു.കെ.ജി വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് മേളകലാകാരൻ കണ്ണമ്പത്തൂർ വേണുഗോപാലിന്റെ ശിക്ഷണത്തിൽ പഞ്ചാരിയിൽ പരിശീലനം നേടിയത്. പുതുക്കാട് തെക്കേതൊറവ് വള്ളിക്കുന്നത്ത് മഹാവിഷ്ണുക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. അച്ഛന്റെ കുടുംബക്ഷേത്രമായ രാപ്പാളിലെ എറാടത്ത് ക്ഷേത്രത്തിൽ നടന്ന പ്രതിഷ്ഠാദിനത്തിന് കസേരയിൽ കയറ്റിവച്ച ചെണ്ടയിൽ രണ്ടുമണിക്കൂറിലേറെ നീണ്ട പതികാലംമുതലുള്ള പഞ്ചാരിമേളത്തിന് കയ്യുംകോലുമായി ആസ്വാദകരുടെ മനം കവർന്നിരുന്നു. തായമ്പക കലാകാരൻ കീനൂർ സുബീഷിന്റെ ശിക്ഷണത്തിൽ ആമ്പല്ലൂർ പൂക്കോട് കീനൂർ അനുഷ്ഠാന കലാക്ഷേത്രത്തിലായിരുന്നു തായമ്പക പഠനം. കഴിഞ്ഞ രണ്ടുവർഷമായി തായമ്പകയുടെ പഠനം ആരംഭിച്ചു. പതികാലവും ചെമ്പക്കൂറും ഇടകാലവും ചേർന്ന് ഒരുമണിക്കൂറോളം നീളും അരങ്ങേറ്റത്തായമ്പക. തൃശൂർ പൂരത്തിന്റെ തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി കിഴക്കൂട്ട് അനിയൻമാരാർ കീനൂർ മഹാദേവ ക്ഷേത്രസന്നിധിയിൽ 12ന് വൈകിട്ട് 6 ന് അരങ്ങേറ്റത്തായമ്പകക്ക് ഭദ്രദീപം തെളിക്കും. പുതുക്കാട് സെന്റ് ആന്റണീസ് വിദ്യാലയത്തിലെ മൂന്നാംക്ലാസ് വിദ്യർത്ഥിയാണ് അഭിനന്ദ്കൃഷ്ണ.