ma-kk-ramachandaran

ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കുട്ടികൾക്കൊപ്പം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉച്ചഭക്ഷണം കഴിക്കുന്നു.

പുതുക്കാട്: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ സന്ദർശനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ഡി.ആർ.സി കോ-ഓർഡിനേറ്റർ നന്ദകുമാർ എന്നിവർ ചേർന്നാണ് സ്‌കൂൾ സന്ദർശിച്ച് വിലയിരുത്തൽ നടത്തിയത്. ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ, പുതിയ കെട്ടിടം, കുട്ടികൾ ഭക്ഷണം കഴിക്കുന്ന സ്ഥലം, ലാബ്, ലൈബ്രറി തുടങ്ങിയവ പരിശോധിച്ച് കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് സംഘം മടങ്ങിയത്. പ്രീ പ്രൈമറി ക്ലാസുകളിലെ കുട്ടികൾ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്നും താത്കാലികമായി പ്രവർത്തിക്കുന്ന ഭക്ഷണപ്പുര കൂടുതൽ മെച്ചപ്പെടുത്തണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. ശുചിത്വമുള്ള രുചികരമായ ഭക്ഷണമാണ് കുട്ടികൾക്ക് വിതരണം ചെയ്തതെന്നും എം.എൽ.എ സാക്ഷ്യപ്പെടുത്തി.