കൊടുങ്ങല്ലൂർ: ഭക്ഷണശാലകളിലും കച്ചവട സ്ഥാപനങ്ങളിലും മിന്നൽ പരിശോധന നടത്തി. ശ്രീനാരായണപുരം പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിലുള്ള ഭക്ഷണശാലകളിലും കച്ചവടസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ എട്ടോളം സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് പിഴ ഈടാക്കി.

ഹോട്ടലുകൾ, ബേക്കറികൾ, പലചരക്കുകടകൾ, വഴിയോര കച്ചവടം തുടങ്ങി 40 ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഹെൽത്ത് കാർഡും ലൈസൻസും ഇല്ലാതെയും ശുചിത്വ വീഴ്ചയും കണ്ട സ്ഥാപനങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്. കൂടാതെ പുകയില നിരോധന നിയമവുമായി ബന്ധപ്പെട്ടും, ശുചിത്വവുമായി ബന്ധപ്പട്ടം നിർദ്ദേശങ്ങൾ നൽകി.

തുടർന്നും പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് പി. വെമ്പല്ലൂർ മെഡിക്കൽ ഓഫീസർ ഡോ. പ്രീമ അറിയിച്ചു. പഞ്ചായത്ത് ഉദ്യോഗസ്ഥനായ കെ.ആർ. പ്രദീപ്, ഹെൽത്ത് ഇൻസ്‌പെക്ടർ നജീബ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അഭിജാത്, ലിജോ എന്നിവർ നേതൃത്വം നൽകി.