 
വീട് ഇടിച്ചു തകർത്ത ചരക്ക് ലോറി.
വടക്കാഞ്ചേരി: നിയന്ത്രണം വിട്ട ചരക്ക് ലോറി വീടിനുള്ളിലേക്ക് ഇടിച്ചു കയറി ഉറങ്ങികിടന്നിരുന്ന രണ്ടുപേർക്ക് ഗുരുതരമായ പരിക്കേറ്റു. വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷൻ പരിസരത്തുള്ള പുളിഞ്ചോട്ടിൽ വച്ച് വ്യാഴാഴ്ച പുലർച്ചെയാണ് അപകടം. റോഡിനോടു ചേർന്നുള്ള വീട്ടിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. വീടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന കാരിയങ്ങൻ വീട്ടിൽ സുഹറ (63), കൊച്ചു മകൾ ഷിയാഫാത്തിമ (11) എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട നാഷണൽ പെർമിറ്റ് ലോറി മതിലിലും പിന്നീട് വീട്ടിലും ഇടിച്ചു കയറുകയായിരുന്നു. സുഹറയുടെ തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. സുഹറയെയും കൊച്ചുമകളെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന പെരിന്തൽമണ്ണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. വീടിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. വീടിന്റെ മുന്നിലെ മതിലും വാഹനം ഇടിച്ച് തകർന്നിട്ടുണ്ട്. വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന സുഹറയുടേയും കുട്ടിയുടേയും ദേഹത്ത് വീടിന്റെ മുകൾ ഭാഗം വന്ന് വീണു. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ വൈദ്യുതി പോസ്റ്റും തകർന്നു .