 
ഏങ്ങണ്ടിയൂർ: ആയിരംകണ്ണി കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിച്ചു. ഒമ്പതാം വാർഡിൽ എരണേഴത്ത് വിനോദൻ സൗജന്യമായി നൽകിയ പത്ത് സെന്റ് സ്ഥലത്താണ് സബ്ബ് സെന്റർ നിർമ്മിക്കുന്നത്. എം.എൽ.എയുടെ വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ അദ്ധ്യക്ഷയായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എ. ഹാരിസ് ബാബു, കെ.ബി. സുരേഷ്, അനുത മുരുകേശൻ, സതീഷ് പനക്കൽ, വി.എ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.