rona-roadപെരുമ്പിള്ളിശ്ശേരി തിരുവുള്ളക്കാവ് ഭാഗങ്ങളിൽ നിർമ്മാണത്തിനായി റോഡ് വെട്ടിപ്പൊളിച്ച നിലയിൽ.

പെരുമ്പിള്ളിശ്ശേരി - കൊടുങ്ങല്ലൂർ റൂട്ടിലെ റോഡ് പണി എങ്ങുമെത്തുന്നില്ലെന്ന് ആരോപണം, വ്യാപാരികൾ പ്രതിസന്ധിയിൽ

ചേർപ്പ്: കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള റോഡ് നൂതന സാങ്കേതികവിദ്യയായ വൈറ്റ് ടോപിംഗിലൂടെ പുനർനിർമ്മിക്കുന്ന പശ്ചാത്തലത്തിൽ

വെട്ടിലായത് നിർമ്മാണം നടക്കുന്ന പെരുമ്പിള്ളിശേരി സെന്റർ മുതൽ തിരുവുള്ളക്കാവ് വരെയുള്ള ഭാഗങ്ങളിലെ വ്യാപാരികൾ. നിർമ്മാണം നടക്കുന്ന ഭാഗങ്ങളിൽ റോഡ് ആഴത്തിൽ കുഴിച്ചിട്ടിരിക്കുകയാണ്. ഇതുമൂലം പ്രദേശത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ആളുകൾക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥിതിയാണ്. ഇതര ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും സ്ഥിതി വ്യത്യസ്ഥമല്ല. ഉപഭോക്താക്കളുടെ ഗണ്യമായ കുറവുമൂലം പല വ്യാപാരികളും കടകൾ തുറക്കുന്നില്ല. ഇത് കടുത്ത സാമ്പത്തിക തിരിച്ചടിയാണ് ഇവർക്ക് ഉണ്ടാക്കുന്നത്. ചില സ്ഥലങ്ങളിലേക്കെത്താൻ കിലോമീറ്ററോളം ചുറ്റിത്തിരിയേണ്ട സ്ഥിതിയാണെന്ന് പറയുന്നു. ഇത് സമയ നഷ്ടവും ഇന്ധന നഷ്ടവും വരുത്തിവയ്ക്കുന്നുണ്ട്. നിർമ്മാണം നടക്കുന്ന ഭാഗങ്ങൾ കയർ ഉപയോഗിച്ച് തിരിച്ചിട്ടുണ്ടെങ്കിലും രാത്രിയിൽ വാഹനങ്ങൾ കുഴിയിലേക്ക് പതിച്ച് അപകടങ്ങൾ സംഭവിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഒരേ സമയം റോഡിന്റെ ഇരു ഭാഗങ്ങളിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനാൽ താഴെയുള്ള ഭാഗങ്ങളിലേക്ക് മുകളിൽ നിന്ന് വാഹനങ്ങൾ തെന്നിമാറിയാണ് അപകടങ്ങൾ സംഭവിക്കുന്നത്. നിർമ്മാണം എത്ര നാൾ കൊണ്ട് പൂർത്തിയാകുമെന്ന് അധികൃതർക്ക് പോലും കൃത്യമായി അറിയില്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു. എത്രയും വേഗം നിർമ്മാണം പൂർത്തീകരിച്ച് റോഡ് പഴയപടിയാക്കണമെന്നാണ് ഇവരുടെ ആവശ്യം.

.