 
വാടാനപ്പിള്ളി: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ഖാദി നെയ്ത്ത് കേന്ദ്രം നാടിനു സമർപ്പിച്ചു. നടുവിൽക്കരയിലെ വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിൽ 15 ലക്ഷം രൂപ ചെലവഴിച്ചാണ് നെയ്ത്ത് കേന്ദ്രം നിർമ്മിച്ചത്. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെയ്ത്ത് കേന്ദ്രത്തോടനുബന്ധിച്ച് ഖാദി വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് വിശിഷ്ടാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, വൈസ് പ്രസിഡന്റ് സി.എം. നിസാർ, രന്യ ബിനീഷ്, എ.എസ്. സബിത്ത്, സുലേഖ ജമാലു, കെ.ബി. സുരേഷ്, കെ.എസ്. ധനീഷ് എന്നിവർ സംസാരിച്ചു. ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി കെ.എ. രതീഷ് അധികാര പത്രം ഏറ്റുവാങ്ങി.