ഒല്ലൂർ: പ്രാദേശിക എതിർപ്പിനെ തുടർന്ന് ഒല്ലൂർ റെയിൽവേ സ്റ്റേഷന്റെ തെക്ക് ഭാഗത്തുള്ള മേൽപ്പാലനിർമ്മാണം ഉപേക്ഷിയ്ക്കാൻ സാദ്ധ്യത. സംസ്ഥാന സർക്കാരിന്റെ 2018-19 വർഷത്തെ ബഡ്ജറ്റിലാണ് ഒല്ലൂർ മേൽപ്പാലം ഇടം പിടിച്ചത്. നിർമ്മാണ പ്രവൃത്തികൾക്കായുള്ള റെയിൽവെയുടെ 2021ലെ പിങ്ക് ബുക്കിൽ ലെവൽ ക്രോസ് നമ്പർ 26 അടച്ചുകൊണ്ട് അവിടെ ഒരു മേൽപ്പാലം നിർമ്മിക്കാനുള്ള അനുമതിയായി. പ്രാദേശിക എതിർപ്പുകളെത്തുടർന്ന് തുടർനടപടികൾ തടസപ്പട്ടിരിയ്ക്കുകയാണ്. നിർദ്ദിഷ്ട മേൽപ്പാലത്തിൽനിന്നും 500 മീറ്റർ വടക്കുമാറി ഒരു അണ്ടർപാസും 400 മീറ്റർ തെക്കുമാറി ഒരു മേൽപ്പാലവും ഉള്ളതിനാൽ പുതിയ പാലം ആവശ്യമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഇത്തരമൊരു കാരണത്താൽ മേൽപ്പാലം ഉപേക്ഷിയ്ക്കുകയാണെങ്കിൽ അതെ കാരണത്തിന്റെ പേരിൽ റെയിൽവേ ലെവൽ ക്രോസ് അടയ്ക്കും. ഈ സാഹചര്യം വിശദീകരിയ്ക്കാൻ സ്ഥലം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നാട്ടുകാരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും യോഗം ചേരാൻ സർക്കാരിലേക്ക് അനുമതി തേടിയിരിക്കയാണ്.
നിലവിലുള്ള റോഡിന്റെ വടക്കുഭാഗം ചേർന്നുകൊണ്ട് മേൽപ്പാലത്തിന് അലൈൻമെന്റ് തയ്യാറാക്കാമെന്നിരിക്കെ അതിനുള്ള ശ്രമം റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ നടത്തുന്നില്ല. സംസ്ഥാന സർക്കാരിന്റെ നിർവഹണ ഏജൻസിക്ക് അപ്രോച്ച് ഭാഗങ്ങൾ മാത്രമേ നിർമ്മിക്കാനാവു. റെയിൽവേ ട്രാക്കിന് മുകളിലുള്ള ഭാഗം റെയിൽവേ തന്നെ നിർമ്മിക്കേണ്ടി വരും. ഈ തടസം ഒഴിവാക്കാൻ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെ (കെ.ആർ.ഡി.സി.എൽ) സംസ്ഥാനത്ത് റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള ഏക ഏജൻസിയായി തെരഞ്ഞെടുത്തിട്ടുണ്ട്. ഒല്ലൂർ റെയിൽവേ മേൽപ്പാലത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കെ.ആർ.ഡി.സി.എല്ലിനെ പദ്ധതിയുടെ നിർവഹണ ഏജൻസിയായി സർക്കാർ നിയോഗിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്.
ഒല്ലൂർ റെയിൽവേ ഗേറ്റ് അടയ്ക്കുമോ ?
പൂച്ചിന്നിപ്പാടം നടത്തറ റോഡിലാണ് ഒല്ലൂർ റെയിൽവേ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. ഏറെ യാത്രാവാഹനങ്ങളും ചരക്കു വാഹനങ്ങളും ആശ്രയിക്കുന്ന പ്രധാന പാതയാണ് പൂച്ചിന്നിപ്പാടം നടത്തറ റോഡ്. പാലിയേക്കര ടോൾ പ്ലാസ ഒഴിവാക്കി യാത്ര ചെയ്യാമെന്നുള്ള സൗകര്യവുമുണ്ട്. ഈ റോഡിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് കോടിക്കണക്കിന് രൂപ ചെലവാക്കിയുള്ള നവീകരണം പുരോഗമിക്കുകയാണ്. ഈ പാതയെ രണ്ടായി മുറിച്ചുകൊണ്ട് സ്ഥിതി ചെയ്യുന്ന ഒല്ലൂർ ഗേറ്റ് സ്ഥിരമായി അടച്ചാൽ ഇപ്പോൾ നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങൾക്ക് ഉദ്ദേശിച്ച ഫലം കാണുകയില്ലെന്നും അതിനാൽ അവിടെ മേൽപ്പാലം ആവശ്യമാണെന്നും കരുതുന്നവരുമുണ്ട്. ഒല്ലൂർ ഗേറ്റിനു പകരം മേൽപ്പാലം നിർമ്മിക്കുന്നത് പ്രാദേശിക വിഷയമായി കാണാൻ കഴിയില്ല. മാത്രമല്ല വടക്കുവശത്തുള്ള അണ്ടർപാസ് ചെറു വാഹനങ്ങൾക്ക് മാത്രം ഉപയോഗപ്രദമാകുന്ന രീതിയിൽ നിർമ്മിച്ചതാണ്. കൂടാതെ തെക്കുവശത്തുള്ള മേൽപ്പാലത്തിലേക്ക് ഒല്ലൂർ ഗേറ്റിൽ നിന്നുള്ള ലിങ്ക് റോഡ് വളരെ ഇടുങ്ങിയതാണ്. ഇതുമൂലം വലിയ ഗതാഗതക്കുരുക്കിന് പ്രദേശം സാക്ഷിയാകേണ്ടി വരുമെന്നാണ് അവരുടെ വാദം.