 
ആമ്പല്ലൂർ: ചക്കയും മാങ്ങയും ഉപയോഗിച്ച് ഉണ്ടാക്കാവുന്നതൊക്കെ പരീക്ഷിച്ചായിരുന്നു അളഗപ്പ നഗർ പഞ്ചായത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ ചക്ക, മാങ്ങ ഫെസ്റ്റിന് എത്തിയത്. റെഡി ടു ഈറ്റ്, ഫാസ്റ്റ് ഫുഡ് സംസ്‌കാരങ്ങളുടെ പിടിയിൽ നിന്നും പുതുതലമുറയെ രക്ഷിച്ച് നാടൻ ഭക്ഷ്യശീലങ്ങളിലേക്ക് തിരിച്ചുകൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. ചക്കയോടും മാങ്ങയോടുമുള്ള പുതുതലമുറയുടെ താത്പ്പര്യകുറവ് നികത്താൻ മേള കൊണ്ട് കഴിഞ്ഞു എന്ന് സംഘാടകർ അവകാശപ്പെട്ടു. മികച്ച ഭക്ഷണ സംസ്‌കാരത്തിൽ നിന്നും അകന്ന മലയാളിക്ക് ഒരോർമ്മപ്പെടുത്തലായി മാറി ചക്ക, മാങ്ങ മേള. ചക്കകൊണ്ടും മാങ്ങകൊണ്ടുമുള്ള 250 ൽ അധികം വിഭവങ്ങൾ മേളയ്ക്ക് മാറ്റുകൂട്ടി.
മറന്നുപോയ പഴയ നാടൻ വിഭവങ്ങളുടെ രുചി നാവിലേക്ക് തിരിച്ചു വന്ന സന്തോഷത്തിലായിരുന്നു അദ്ധ്യാപകരും രക്ഷിതാക്കളും. ഫാസ്റ്റ് ഫുഡും പായ്ക്കറ്റ് ഫുഡുകളും നൽകുന്ന രുചിക്കൂട്ടുകളിൽ നിന്നും കീടനാശിനികൾ ഇല്ലാത്ത വീട്ടുവളപ്പിലെ സുലഭമായ ചക്കയിലേക്കും മാങ്ങയിലേക്കും കുട്ടികളെ ആകർഷിക്കുന്നതിന് പരിപാടി സഹായിച്ചു. പ്രധാനാദ്ധ്യാപിക സിനി എം. കുരിയാക്കോസ്, പി.ടി.എ പ്രസിഡന്റ് സോജൻ ജോസഫ്, പ്രിൻസിപ്പൽ റോയ് തോമസ്, എസ്.എം.സി ചെയർമാൻ പി.വി. സുനിൽകുമാർ, പി.ടി.എ കമ്മിറ്റി അംഗങ്ങളായ എൻ.എസ്. ശാലിനി, രമ്യ സതീഷ്, കാർഷിക ക്ലബ് കൺവീനർ എം.ബി. സജീഷ്, അദ്ധ്യാപകരായ ടി.പുഷ്പ, ലിസി ക്ലീറ്റസ്, ഐ.എസ്. ജിഷ എന്നിവർ നേതൃത്വം നൽകി.
ചക്ക കൊണ്ടുള്ള വിഭവങ്ങൾ:
ഹൽവ, പുട്ട്, കട്ട്‌ലറ്റ്, പായസം, ജാം , ബജി, ജ്യൂസ്, ഉപ്പുമാവ്, അവിയൽ, ബിരിയാണി, ഉണ്ണിയപ്പം, വട്ടയപ്പം, പപ്പടം, പൊരി, എരശ്ശേരി, ഉണ്ട, ബോണ്ട, പുഡിംഗ്, കേക്ക്, വട, ഷേയ്ക്ക്, ചക്കക്കുരു പായസം, ചക്കക്കുരു ഷേയ്ക്ക്, ചക്കക്കുരു ഉണ്ട.
മാങ്ങ കൊണ്ടുള്ള വിഭവങ്ങൾ:
ഫ്രൈഡ് ചമ്മന്തി, ജ്യൂസ്, സർബത്ത്, ഹൽവ, പായസം, കപ്പ് കേക്ക്, ഐസ്‌ക്രീം, പുഡിംഗ്.