കൊടുങ്ങല്ലൂർ: റോഡിന്റെ എതിർവശത്തുകൂടി അപകടകരമായ വിധത്തിൽ അമിതവേഗതയിൽ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് കൊടുങ്ങല്ലൂർ ജോയിന്റ് ആർ.ടി.ഒ സസ്‌പെൻഡ് ചെയ്തു. തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബദരീനാഥ് എന്ന ബസിലെ ഡ്രൈവറുടെ ലൈസൻസാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് പുല്ലൂറ്റ് ചാപ്പാറ ഭാഗത്തായിരുന്നു സംഭവം. അപകടകരമായ വിധത്തിൽ ബസ് ഓടിച്ചതു മൂലം മറ്റ് വാഹനങ്ങൾക്ക് മാർഗ തടസം നേരിടുകയും ആയതിന്റെ ദൃശ്യങ്ങൾ ദക്‌സാക്ഷികൾ പകർത്തി തൃശൂർ ആർ.ടി.ഒ ബിജു ജയിംസിന് അയച്ച് കൊടുക്കുകയുമായിരുന്നു. ഇതിനെ തുടർന്നുണ്ടായ അന്വേഷണത്തിനൊടുവിലാണ് കുറ്റാരോപിതനായ എം.വി. സുധീഷിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. കൊടുങ്ങല്ലൂർ ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമല്ലാത്തതിനാലും തെളിവുകൾ ഡ്രൈവർക്ക് എതിരായതിനാലും തൃശൂർ ആർ.ടി.ഒയുടെ നിർദ്ദേശമനുസരിച്ച് കൊടുങ്ങല്ലൂർ ജോയിന്റ് ആർ.ടി.ഒ ബസ് ഡ്രൈവർ സുധീഷിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. കൃത്യസമയത്ത് ദൃശ്യങ്ങൾ പകർത്തി അയച്ച് നൽകിയവരെ തൃശൂർ ആർ.ടി.ഒ ബിജു ജയിംസ് അഭിനന്ദിച്ചു.