adaravu
മുങ്ങിത്താഴ്ന്ന പത്തു വയസുകാരനെ രക്ഷിച്ച നീരജിനെ വിദ്യാലയം അനുമോദിച്ചപ്പോൾ.

പുതുക്കാട്: കുളത്തിൽ വീണ് മുങ്ങിത്താഴ്ന്ന പോങ്കോത്ര തെക്കുംപുറം ആൻഡ്രൂസിന്റെ വളർത്തുമകൻ ഗോപാലകൃഷ്ണയെ സാഹസികമായി രക്ഷപ്പെടുത്തിയ നീരജിനെ നന്തിക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ആദരിച്ചു. പോങ്കോത്ര കോപ്പുള്ളിപറമ്പിൽ നിത്യാനന്ദന്റെ മകനാണ് നീരജ് (12). നന്തിക്കര ഗവ.സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. അതേ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഗോപാൽകൃഷ്ണ. കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു സംഭവം. പറപ്പൂക്കര പഞ്ചായത്തിന്റെ പോങ്കോത്രയിലുള്ള മാനാംകുളത്തിലാണ് സൈക്കിൾ ചവുട്ടി വന്ന ഗോപാൽകൃഷ്ണ വീഴുന്നത്. ഈ സമയം കുളക്കരയിൽ മറ്റ് രണ്ട് ചെറിയ കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു നീരജ്. ഗോപാൽകൃഷ്ണ വീഴുന്നതു കണ്ട് നീരജ് കുളത്തിലേക്ക് ചാടി രക്ഷിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറികൂടിയായ നിത്യാനന്ദൻ പെയിന്റിംഗ് തൊഴിലാളിയാണ്. സ്‌കൂളിന്റെ അഭിമാനമായി മാറിയ നീരജിനെ വിദ്യാലയം അനുമോദിച്ചു. ചടങ്ങ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ലത ചന്ദ്രൻ അദ്ധ്യക്ഷയായി. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് മേശയും കസേരയും സമ്മാനമായി നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം കാർത്തിക ജയൻ, വാർഡ് അംഗങ്ങളായ എൻ.എം. പുഷ്പാകരൻ, കെ.സി. പ്രദീപ്, നന്ദിനി സതീശൻ, രാധ വിശ്വംഭരൻ പി.ടി.എ പ്രസിഡന്റ് എൻ.കെ. അശോകൻ, എം.ആർ ഭാസ്‌കരൻ, സുനിൽ കൈതവളപ്പിൽ, ഷൈനി ശ്രീനിവാസൻ, എ.കെ രാമകൃഷ്ണൻ, കെ.എം. മഞ്ജു, പ്രധാനാദ്ധ്യാപിക സി.എം. ഷാലി, രജനി ബി. മേനോൻ എന്നിവർ പങ്കെടുത്തു.