തൃശൂർ: കുടിവെള്ള പ്രശ്‌നത്തെച്ചൊല്ലിയുള്ള കോൺഗ്രസ് പ്രതിഷേധം ഇന്നലെയും തുടർന്നതോടെ കോർപറേഷൻ യോഗം സ്തംഭിച്ചു. ചെളിവെള്ളം നിറച്ച കുപ്പിയും ബിരിയാണി ചെമ്പുമായാണ് പ്രതിപക്ഷം സമരത്തിനെത്തിയത്. രണ്ടുമണിക്ക് യോഗം വിളിച്ച മേയർ അര മണിക്കൂർ വൈകിയാണ് കൗൺസിൽ ഹാളിലേക്ക് എത്തിയത്. അതുവരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. ഒരു മിനിറ്റ് കഴിഞ്ഞതോടെ മേയർ ബെല്ലടിച്ച് യോഗം പിരിച്ചുവിട്ടു. കൂക്കിവിളികളോടെയാണ് മേയറെ കോൺഗ്രസ് കൗൺസിലർമാർ യാത്രയാക്കിയത്.
സംഘർഷഭരിതമായിരുന്നു കൗൺസിൽ. ഹാജർ ബുക്ക് പ്രതിപക്ഷാംഗങ്ങൾക്ക് ഒപ്പിടാൻ നൽകാതിരുന്നത് തുടക്കത്തിൽ ബഹളത്തിനിടയാക്കി. പിന്നീട് ഹാജർ പുസ്തകം നൽകി.
ശുദ്ധമായ കുടിവെള്ളം പൈപ്പുകളിൽ കൂടി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിവന്ന സമരത്തിനിടെ മേയറുടെ ഡ്രൈവർ സമരക്കാർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റാൻ ശ്രമിച്ചെന്ന പരാതിയുണ്ടായി. അതോടെ താത്കാലിക ഡ്രൈവറെ പിരിച്ചുവിടണമെന്ന ആവശ്യവും കോൺഗ്രസ് ഉന്നയിച്ചു. ഇതിനിടെ പെട്രോൾ ഒഴിച്ചു തന്നെ തീവെക്കാൻ സമരക്കാർ ശ്രമിച്ചുവെന്ന ആരോപണവുമായി മേയറും രംഗത്തുവന്നിരുന്നു. ഇതിൽ പൊലീസ് കേസ് എടുക്കുകയും ചെയ്തു. എന്നാൽ ഇതു വെറും വ്യാജപ്രചാരണമാണെന്ന് പ്രതിപക്ഷനേതാവ് രാജൻ പല്ലൻ തിരിച്ചടിച്ചു. പ്രതിപക്ഷത്തിന്റെ മുഖ്യ രണ്ടു ആവശ്യങ്ങൾക്കു നേരെയും മേയർ മുഖം തിരിച്ചു. ഇതോടെ കഴിഞ്ഞദിവസം മുതൽ മേയറുടെ ചേംബർ ഉപരോധിച്ച് കോൺഗ്രസ് സമരം ശക്തമാക്കി. വ്യാഴാഴ്ച്ച സെക്രട്ടറി അടക്കമുള്ളവരെ ഉപരോധിച്ചിരുന്നു.