കൊടകര: ശുചിത്വ പൂർണ കൊടകര സൃഷ്ടിക്കുന്നതിനായി മാലിന്യ നിർമ്മാർജ്ജന പ്ലാന്റ് ഒരുക്കാൻ പഞ്ചായത്ത്. സ്വച്ഛ്ഭാരത് മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി സമ്പൂർണ്ണ സാനിറ്ററി യജ്ഞം പൂർത്തീകരിക്കുക, ഹരിതകർമ്മ സേന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക, സമ്പൂർണ്ണ പ്ലാസ്റ്റിക് നിർമാർജ്ജനം തുടങ്ങിയ പദ്ധതികളും ആവിഷ്‌കരിക്കും. കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന വികസന സെമിനാറിലാണ് ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങളുള്ളത്. ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിന് ധനസഹായവും ഭൂരഹിത ഭവനരഹിതർക്കായി ഫ്‌ളാറ്റും പഞ്ചായത്ത് മുന്നോട്ട് വയ്ക്കുന്നു. പാലിയേറ്റിവ് കെയർ പദ്ധതി പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളും വികസന സെമിനാർ ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സരിത രാജേഷ്, വി.എസ്. പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടെസി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. മുകുന്ദൻ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.