ചാലക്കുടി: മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ചേർന്ന അവലോകന യോഗത്തിൽ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് എം.എൽ.എ. സർക്കാർ വകുപ്പുകളുടേയും എം.എൽ.എയുടെ മണ്ഡലം ആസ്തി വികസനത്തിന്റേയും ഫണ്ടുകൾ ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തികൾ ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ടി.ജെ. സനീഷ്‌കുമാർ തുറന്നടിച്ചു. പഞ്ചായത്തുകളുടെ സഹകരണത്തോടെ നടത്തുന്ന പ്രവർത്തനങ്ങളിലാണ് തന്നെ നോക്കുകുത്തിയാക്കുന്നത്. ഇതിനെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. റോഡ് നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ഔദ്യോഗിക അറിയിപ്പില്ലാതെ ഗതാഗതത്തിന് തുറന്നു കൊടുത്തു. അതിരപ്പിള്ളി പഞ്ചായത്തിന് അനുവദിച്ച മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ വേണ്ടെന്ന് കളക്ടറേറ്റിൽ അറിയിച്ചത് താൻ അറിഞ്ഞില്ല. കൊരട്ടിയിലെ അംഗൻവാടി കെട്ടിടം നിർമ്മാണം ആരംഭിച്ചതും ആരും പറഞ്ഞില്ല. എം.എൽ.എ ചൂണ്ടിക്കാട്ടി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനാ ഡേവിസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ മായാ ശിവദാസ്, പ്രിൻസി ഡേവിസ്, സി.വി. ആന്റണി, പി.കെ. ജേക്കബ്, അഡ്വ. ലിജോജോൺ, എൽ.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എൻജിനിയർ ജോജി പോൾ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ പി.എസ്. പ്രതീഷ് തുടങ്ങിയവർ പങ്കെടുത്തു.