കുന്നംകുളം: തുറക്കുളം മാർക്കറ്റ് നിർമാണം, ആധുനിക അറവുശാല നിർമാണ പൂർത്തീകരണം എന്നിവയ്ക്ക് ഊന്നൽ നൽകി നഗരസഭ 14ാം പഞ്ചവത്സര പദ്ധതി, 2022-23 വാർഷിക പദ്ധതി വികസന സെമിനാർ അവതരിപ്പിച്ചു. തൊഴിൽ സംരംഭകത്വം ഉറപ്പാക്കുന്നതിനും പട്ടികജാതി ക്ഷേമം, സ്ത്രീസുരക്ഷ, വയോജന പരിരക്ഷ എന്നിവയ്ക്കും കൂടുതൽ പദ്ധതികൾ ആവിഷ്‌ക്കരിക്കാനും മാർഗരേഖകൾ തയ്യാറാക്കി. ടൗൺ ഹാളിൽ എ.സി. മൊയ്തീൻ എം.എൽ.എ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച വികസന സെമിനാറിൽ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം. സുരേഷാണ് പദ്ധതി അവതരിപ്പിച്ചത്.
നല്ല വീട് നല്ല നഗരം പദ്ധതിയുടെ രണ്ടാംഘട്ടത്തിലെ സീവേജ് പദ്ധതിയ്ക്കായി സ്ഥലമേറ്റെടുക്കൽ, കുറുക്കൻപാറ ഗ്രീൻ പാർക്കിൽ ഗ്രീൻ ടെക് ഫെസിലിറ്റി സെന്റർ, റിംഗ്‌റോഡ് വികസനം, ഭവനപദ്ധതി പൂർത്തീകരണം, സ്‌കൂളുകളുടെ വികസനം, കിണർ റീച്ചാർജിംഗ്, ആരോഗ്യ മേഖലയിലെ സൗകര്യം മെച്ചപ്പെടുത്തൽ, പട്ടികജാതി കോളനി വികസനം, കുടുംബശ്രീ സംരംഭകത്വം എന്നിവയും നടപ്പാക്കും. നാളികേര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബശ്രീ വെളിച്ചെണ്ണ യൂണിറ്റ്, ഓണത്തിനൊരു പൂക്കൂട പദ്ധതി, അംഗൻവാടികളെ മെച്ചപ്പെടുത്തൽ, വാതിൽപ്പടി സേവനം, ചൊവ്വന്നൂർ കമ്യൂണിറ്റി ഹാൾ പൂർത്തീകരണം, നഗരസഭയിൽ സാമൂഹ്യപഠന കേന്ദ്രം എന്നിവയ്ക്കും ഊന്നൽ നൽകും. സമഗ്ര നെൽക്കൃഷി, തെങ്ങുക്കൃഷി, കന്നുകാലി പരിചരണം എന്നിവയ്ക്ക് കൂടുതൽ ശ്രദ്ധ നൽകും. സർക്കാർ ഓഫീസുകളുടെ നവീകരണം, സ്ത്രീ, ഭിന്നശേഷി സൗഹൃദ നഗരസഭ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും.
തദേശ സ്ഥാപനങ്ങളിൽ വികസന പങ്കാളിത്ത നയം ഉണ്ടാക്കണമെന്നും വിഭവ സമാഹരണത്തിനായി പുതിയ മാർഗങ്ങൾ തേടണമെന്നും എ.സി. മൊയ്തീൻ എം.എൽ.എ പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വരുമാനം ഇനിയും വർധിപ്പിക്കേണ്ടതുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ കാലാനുസൃതമായി ലഭിക്കുന്നത് നല്ല രീതിയിൽ ഉപയോഗപ്പെടുത്താനുമാവണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നഗരസഭ ഹരിത കർമസേനയ്ക്ക് മൊബൈൽ ആപ് സേവനത്തിനായി വനിതാ വികസന കോർപറേഷനിൽ നിന്നു ലഭിച്ച 4, 80, 000 രൂപയുടെ ചെക്കും എം.എൽ.എ കൈമാറി.