കുന്നംകുളം: നഗരത്തിൽ ഗതാഗത നിയമം കൃത്യമായി പാലിക്കുമെന്നും അമിത വേഗത നിയന്ത്രിക്കുമെന്നും നഗരസഭയിൽ ചെയർപേഴ്‌സൻ സീതാരവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഗതാഗത പ്രശ്‌ന പരിഹാര യോഗത്തിൽ ബസ് ഉടമകളും ജീവനക്കാരും നഗരസഭയ്ക്കും പൊലീസിനും ഉറപ്പ് നൽകി. അമിത വേഗത, വർദ്ധിച്ചു വരുന്ന അപകടങ്ങൾ, ബസുകളുടെ വൺവേ സംവിധാനം തെറ്റിക്കൽ, പുതിയ ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ കയറാത്തതു മൂലം യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകൾ എന്നിവ മൂലം ഏറെ ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നഗരസഭ കോൺഫറൻസ് ഹാളിൽ യോഗം ചേർന്നത്. കഴിഞ്ഞ കൗൺസിൽ യോഗത്തിലും എല്ലാ കൗൺസിൽ അംഗങ്ങളും ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടിരുന്നു.
അമിത വേഗതയും സമയലാഭവും നോക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും എടുത്ത തീരുമാനങ്ങൾ നടപ്പാക്കി ഗതാഗത പ്രശ്‌നം പരിഹരിക്കണമെന്നും നഗരസഭ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം. സുരേഷ് പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് കുന്നംകുളം എസ്.എച്ച്.ഒ: വി.സി. സൂരജ് പറഞ്ഞു. ട്രാഫിക് പൊലീസ് ഇല്ലാത്ത സ്ഥലങ്ങളിൽ ഗതാഗത നിയമം പാലിക്കുന്നുണ്ടോ എന്നറിയാൻ കാമറ വച്ച് മോണിറ്ററിംഗ് നടത്തും. പൊലീസ് കൺട്രോൾ റൂമിൽ ഇതു പരിശോധിക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ നിയമ നടപടിയും പിഴയും ചുമത്തും. ഇത്തരം സാഹചര്യങ്ങൾ യാത്രക്കാർക്കും പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്താം. ഗതാഗത നിയന്ത്രണത്തിന് വേണമെങ്കിൽ ഹോം ഗാർഡുമാരെ നിയോഗിക്കുന്നതിനുള്ള സാദ്ധ്യതയും പരിശോധിക്കും. വൈസ് ചെയർപേഴ്‌സൺ, കൗൺസിലർമാർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ബസ് ഉടമാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യോഗ തീരുമാനങ്ങൾ

ബഥനി സ്‌കൂളിന് മുന്നിലെയും റോയൽ ആശുപത്രിക്കു മുന്നിലേയും പാർക്കിംഗ് ഒഴിവാക്കും. മധുരക്കുളം വഴിയുള്ള ബസ്സോട്ടം നിറുത്തും. നഗരത്തിലെത്തുന്ന ബസുകൾക്ക് ഗതാഗത നിയമം പാലിക്കുന്നതിന് എല്ലായിടത്തും ദിശാ ബോർഡുകൾ സ്ഥാപിക്കുമെന്നും വൺവേ സംവിധാനം കാര്യക്ഷമമാക്കാൻ പ്രത്യേകം ബോർഡുകൾ വയ്ക്കുമെന്നും നഗരസഭാ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ അറിയിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും ചെയർപേഴ്‌സൺ നിർദ്ദേശിച്ചു.