വരന്തരപ്പിള്ളി: തോട്ടം തൊഴിലാളികളുടെ ദിവസക്കൂലി മുൻകാല പ്രാബല്യത്തോടെ 700 രൂപയാക്കുക, കൊച്ചിൻ മലബാർ തോട്ടം റീ പ്ലാന്റ് ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കുക, എല്ലാ തൊഴിലാളികൾക്കും ചെക്ക് റോളിൽ ജോലി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ ആരംഭിക്കാനിരിക്കുന്ന പ്രക്ഷോഭത്തിന് മുന്നോടിയായി ശനിയാഴ്ച തോട്ടം ഓഫിസിന് മുന്നിൽ കൂട്ടധർണ നടത്തി. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ഹാരിസൺ മലയാളം കമ്പനിയുടെ കാരികുളം ഓഫീസിന് മുന്നിൽ നടന്ന ധർണ റബ്ബർ എസ്റ്റേറ്റ് വർക്കേഴ്‌സ് കോൺഗ്രസ് (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി പി.ജി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.എ. ജോയ് അദ്ധ്യക്ഷനായി. ആന്റണി കുറ്റൂക്കാരൻ, കെ.കെ. രാമൻ, എം.കെ. തങ്കപ്പൻ, കെ.കെ. രവി, സി.എം. ശിവകുമാർ എന്നിവർ സംസാരിച്ചു. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് എച്ച്.എം.എൽ പാലപ്പിള്ളി ഓഫിസിന് മുന്നിൽ തിങ്കളാഴ്ച രാവിലെ 11 നും സി.എം.എൽ മൈസൂർ ഓഫീസിന് മുന്നിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2നും തൊഴിലാളികൾ കൂട്ട ധർണ നടത്തും.