തൃശൂർ: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കലോത്സവം നടത്താനൊരുങ്ങി അന്തിക്കാട് പഞ്ചായത്ത്. ഇതിനായി 75,000 രൂപ വകയിരുത്തിയിട്ടുണ്ട്. 2022 - 23 സാമ്പത്തിക വർഷത്തിൽ ഏഴര കോടിയിലേറെ തുകയുടെ പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ചുള്ള കരട് വാർഷിക പദ്ധതി രേഖ വികസന സെമിനാറിൽ അവതരിപ്പിച്ചു.
കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായി 35,61,000 രൂപ വകയിരുത്തി. നാളികേരം, നെല്ല് എന്നിവയിൽ നിന്നും മൂല്യവർദ്ധിത സംരംഭങ്ങൾ തുടങ്ങും. ക്ഷീരകർഷകർക്ക് സബ്‌സിഡി നൽകാനും യോഗം തീരുമാനിച്ചു. മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 'ഒന്നര സെന്റ് മത്സ്യ കൃഷി 'എന്ന പേരിൽ പ്രചാരണം നടത്തും.
പഞ്ചായത്തിലെ രണ്ട് അംഗൻവാടികൾ ഹൈടെക് ആക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പഠനോപകരണങ്ങൾ വിതരണം ചെയ്യാനും തുക വകയിരുത്തിയിട്ടുണ്ട്. കുട്ടികൾക്ക് നീന്തൽ പരിശീലനത്തിന് പ്രത്യേക തുക മാറ്റിവയ്ക്കും. സെമിനാർ സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജ്യോതി രാമൻ അദ്ധ്യക്ഷനായി. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.ഐ. ചാക്കോ, എ.വി. ശ്രീവത്സൻ തുടങ്ങിയവർ പങ്കെടുത്തു.