വലയിൽ കുടുങ്ങിക്കിടന്നിരുന്ന മലമ്പാമ്പിന് തളിക്കുളം മൃഗാശൂപത്രിയിൽ ചികിത്സ നൽകുന്നു.
പെരിങ്ങോട്ടുകര: വലയിൽ കുടുങ്ങിക്കിടന്നിരുന്ന മലമ്പാമ്പിനെ പരിക്കുകളോടെ പിടികൂടി. താന്ന്യം പഞ്ചായത്തിൽ മടത്തിപ്പറമ്പിൽ വാസുവിന്റെ പറമ്പിലെ കുളത്തിന്റെ അരികിൽ നിന്നാണ് വലയിൽ കുടുങ്ങിക്കിടന്നിരുന്ന ഒമ്പത് അടിയോളം നീളമുള്ള മലമ്പാമ്പിനെ പിടികൂടിയത്. തളിക്കുളം അനിമൽ സ്‌ക്വാസ് അംഗങ്ങൾ സ്ഥലത്തെത്തി പാമ്പിനെ തളിക്കുളം മൃഗാശൂപത്രിയിൽ എത്തിച്ചു. വെറ്ററിനറി ഡോ. പി.ടി. സന്തോഷ് മുറിവിൽ തുന്നലിടുകയും മുറിവുകൾ ഉണങ്ങാനുള്ള മരുന്നുകൾ കുത്തിവയ്ക്കുകയും ചെയ്തു. വെറ്ററിനറി സ്റ്റാഫ് ഒ.ആർ. രമ്യ, സ്‌ക്വാഡ് അംഗങ്ങളായ പി.ആർ. രമേഷ് , കെ.കെ. ഷൈലേഷ്, കെ.എസ്. സജു, ബൈജു പുതുക്കുളം എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.