കരുവന്നൂർ ഇല്ലിക്കൽ ബണ്ട് റോഡ് ഇടിഞ്ഞ ഭാഗത്ത് താത്കാലിക നിർമ്മാണം ആരംഭിച്ചു
ഇരിങ്ങാലക്കുട: കനത്ത മഴയിൽ കരുവന്നൂർ ഇല്ലിക്കൽ ഡാമിന്റെ തെക്കുവശത്ത് തകർന്ന ഇറിഗേഷൻ ബണ്ട് റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിച്ചു. തെങ്ങിൻ തടി അടിച്ച് താഴ്ത്തി കരിങ്കല്ല് ഇട്ട് ബലപ്പെടുത്തി സംരക്ഷിക്കുന്ന പ്രവൃത്തികളാണ് ആരംഭിച്ചിട്ടുള്ളത്.
ഉന്നത വിദ്യഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ ഇടപെടലിനെ തുടർന്ന് അടിയന്തരമായി അനുവദിച്ച 17 ലക്ഷം ഉപയോഗിച്ചാണ് പ്രവൃത്തികൾ ആരംഭിച്ചിട്ടുള്ളത്. ജലസേചനവകുപ്പ് ബണ്ട് റോഡ് ഇടിഞ്ഞുപോയ ഭാഗത്ത് കരിങ്കല്ലുകൊണ്ട് ഭിത്തികെട്ടി സംരക്ഷിക്കാൻ 80 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി ബഡ്ജറ്റ് അനുമതിക്കായി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
ആറ് മീറ്റർ ഉയരത്തിൽ 30 മീറ്റർ നീളത്തിൽ കരിങ്കല്ലുകെട്ടി സംരക്ഷിക്കുന്നതാണ് പദ്ധതി. നേരത്തെ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി സംരക്ഷണ ഭിത്തി കെട്ടുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിരുന്നെങ്കിലും ഫണ്ടില്ലാത്തതിനാൽ അനുമതി ലഭിച്ചില്ല. തുടർന്നാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിനായി പുതിയ പദ്ധതി സമർപ്പിച്ചിരിക്കുന്നത്.
വീണ്ടും ഇടിഞ്ഞ്
2018 ലെ പ്രളയത്തിലാണ് മൂർക്കനാട് കാറളം ബണ്ട് റോഡ് ഇല്ലിക്കൽ ഡാമിന് സമീപം ഇടിഞ്ഞത്. അടിയന്തരമായി അരികുകെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരുന്നെങ്കിലും നടപടിയായില്ല. ഇതിനിടയിൽ 2021 മേയിൽ കനത്ത മഴയിൽ അതേ സ്ഥലത്തെ റോഡ് വീണ്ടും ഇടിഞ്ഞു. അടിയന്തരമായി ബണ്ട് ബലപ്പെടുത്തണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ജലസേചന വകുപ്പ്, ഇടിഞ്ഞ ഭാഗത്ത് മുളകൾകെട്ടി അതിനിടയിൽ മണൽച്ചാക്കുകൾ ഉപയോഗിച്ച് ബലപ്പെടുത്തുകയായിരുന്നു. എന്നാൽ താത്കാലിക സംവിധാനം ശാശ്വതമല്ലെന്നും കരിങ്കല്ലുപയോഗിച്ച് സംരക്ഷണ ഭിത്തി നിർമ്മിച്ചാൽ മാത്രമെ ബണ്ട് ഇടിയുന്നത് ഒഴിവാക്കാനാകുവെന്നുമാണ് നാട്ടുകാർ പറയുന്നത്.